കോഴിക്കോട്: കോഴിക്കോട് വെള്ളിയൂരില്‍ പാരലല്‍ കോളേജ് അധ്യാപികയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന്‍ വേളം പെരുവയല്‍ സ്വദേശി മീത്തല്‍ സന്ദീപിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തോടന്നൂര്‍ ബി ആര്‍ സിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. ആത്മഹത്യ പ്രേരണകുറ്റവും ലൈംഗീക പീഡനവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിരിക്കുന്നത്. 

നവംബര്‍ 12 ന് ഇവര്‍ തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇയാള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നു പിന്മാറുകയായിരുന്നു. വീട്ടുകാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഇയാളുടെ നിലപാടില്‍ മാറ്റം ഉണ്ടായില്ല. ഇതിന്റെ മനോവിഷമത്തിലാണ് അധ്യാപിക ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിലും യുവതി ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. യുവാവ് ഇവരെ പല സ്ഥലങ്ങളിലും കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചിരുന്നു എന്ന് ആത്ഹമത്യ കുറിപ്പില്‍ വ്യകതമാക്കുന്നു. 

ഇതു കൂടാതെ യുവതി അടുത്ത ബന്ധുവിനോടും ഈ വിവരങ്ങള്‍ പങ്കുവച്ചിരുന്നു. പല കാരണങ്ങള്‍ പറഞ്ഞു സന്ദീപ് യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും പറയുന്നു. അടുത്ത മാസം നടക്കേണ്ടിരുന്ന വിവാഹത്തിന്റെ ക്ഷണം യുവതിയുടെ വീട്ടുകാര്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നു കല്ല്യാണം മുടങ്ങിയ മനോവിഷമം താങ്ങാന്‍ കഴിയാതെയാണ് യുവതി വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തത്.