"ഇത് കോൺഗ്രസുകാരുടെ ദിവസേനയുള്ള പരിപാടിയല്ലേ... അക്കൂട്ടത്തിലൊന്ന് പുറത്തുവന്നു എന്നുമാത്രമേയുള്ളൂ." വയനാട് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഒ എം ജോർജ് ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ കോടിയേരിയുടെ പ്രതികരണം.
തിരുവനന്തപുരം: "ഇത് കോൺഗ്രസുകാരുടെ ദിവസേനയുള്ള പരിപാടിയല്ലേ... അക്കൂട്ടത്തിലൊന്ന് പുറത്തുവന്നു എന്നുമാത്രമേയുള്ളൂ." കോൺഗ്രസ് നേതാവ് ഒ എം ജോർജ് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയെപ്പറ്റി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം ഇതായിരുന്നു. പരാതിയിന്മേൽ കർശന നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
മാതാപിതാക്കളോടൊപ്പം വീട്ടിൽ ജോലിക്ക് വന്ന പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ഒ എം ജോർജ് ബലാത്സംഗം ചെയ്തെന്നാണ് പരാതി . പെൺകുട്ടിയെ ഇയാൾ ഒന്നര വർഷം പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ഇപ്പോൾ ചൈൽഡ്‍ ലൈനിന്‍റെ സംരക്ഷണയിലാണ്.
ഒ എം ജോർജിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവരം പുറത്തുവന്നതോടെ ഒ എം ജോർജ് ഒളിവിലാണ്. കേസ് പട്ടികവർഗ്ഗക്കാർക്ക് എതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ഡിവൈഎസ്‍പിക്ക് കൈമാറും.
