പുനെ ഇന്‍ഫോസിസ് ക്യാംപസിൽ കോഴിക്കോട് സ്വദേശി രസീല രാജു കൊല്ലപ്പെട്ട കേസിൽ അന്വേഷണമാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയും യുവജനസംഘടനകളും പ്രക്ഷോഭത്തിലേക്ക്. ആക്ഷൻ കമ്മിറ്റി ഇൻഫോസിസ് ക്യാംപസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കും. ഡിവൈഎഫ്ഐയും രസീലയുടെ കൊലപാതകത്തിൽ അന്വേഷണമാവശ്യപ്പെട്ട് സമരം ആരംഭിക്കും.
രസീലയുടെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നില്ലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തിപെടുന്നത്. രസീലയുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് രൂപീകരിച്ച അക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബീച്ചിൽ നിന്ന് ആരംഭിച്ച് മുതലക്കുളത്ത് സമാപിച്ച കൂട്ടായ്മയിൽ വിദ്യാർത്ഥികളടക്കം നിരവധി പേർ പങ്കെടുത്തു. ജസ്റ്റിസ് ഫോർ രസീല ഫേസ്ബുക്ക് കൂട്ടായ്മയും പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുണ്ട്. കേന്ദ്ര മന്ത്രി മേനകാ ഗാന്ധി അടക്കമുള്ളവർക്ക് ഓൺലൈൻ പരാതിയും നൽകും.
കേസിൽ സമഗ്രാന്വേഷണമവശ്യപ്പെട്ട് ഡിവൈഎഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്. ഐടി മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടികാട്ടി 22ന് പ്രധാനമന്ത്രിക്ക് ഇ മെയിൽ സന്ദേശങ്ങൾ അയച്ച് ക്യാംപെയ്ൻ ആരംഭിക്കാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം. അടുത്ത പടിയായി നിയമ പോരാട്ടത്തിനും ഡിവൈഎഫ്ഐ ആലോചിക്കുന്നുണ്ട്. ജനുവരി 29നായിരുന്നു ഇൻഫോസിൽ എൻജീനീയറായിരുന്ന രസീല ക്യാംപസിൽ കൊല്ലപ്പെട്ടത്. സുരക്ഷാ ജീവനക്കാരനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൂനെ പൊലീസിന്‍റെ വാദം.
