മലപ്പുറം: റഷീദലി ശിഹാബ് തങ്ങൾക്ക് മലപ്പുറത്തും വിലക്ക്. സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് റഷീദലി ശിഹാബ് തങ്ങളെ നേതൃത്വം വിലക്കി. മഞ്ചേരി കാരക്കുന്ന് നടക്കുന്ന ഖതീബുമാരുടെ ഏകദിന ശിൽപശാലയിൽ നിന്നാണ് വിലക്കിയത്. റഷീ ദലി ശിഹാബ് തങ്ങളെയായിരുന്നു ഉദ്ഘാടനത്തിന് തീരുമാനിച്ചത്
സമസ്ത വിലക്കിയിട്ടും കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ വഖഫ് ബോഡ് ചെയർമാൻ കൂടിയായ റഷീദലി ശിഹാബ് തങ്ങളും യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുത്തിരുന്നു. ആദർശം അടിയറവച്ചിട്ടില്ലെന്ന് റഷീദലി ശിഹാബ് തങ്ങളും, ഉത്തരവാദിത്വ ബോധത്തോടെയാണ് പങ്കെടുക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങളും സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വയം വെള്ള പൂശാനാണ് സുന്നി നേതൃത്വത്തെ മുജാഹിദുകൾ സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നായിരുന്നു സമസ്ത നേതൃത്വത്തിന്റെ നിലപാട്.
പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സി ആലിക്കുട്ടി മുസല്യാർ, ഹമീദ് ഫൈസി അമ്പലക്കടവ്, നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലായിരുന്നു നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
