ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക ദർശനങ്ങൾ ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക ദർശനങ്ങൾ കാലഘട്ടത്തിന്റെ വഴികാട്ടിയാകണമെന്നും ജാതിഭേദവും മതദ്വേഷവും മറികടന്ന് മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശിവഗിരി മഠം സന്ദർശിച്ച് ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ അതിരുകളിൽ ഒതുങ്ങുന്നതല്ല. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവചനം മനുഷ്യസമൂഹത്തിന്റെ ഐക്യത്തിനും സമാധാനത്തിനും സാഹോദര്യത്തിനുമുള്ള കാലാതീതമായ സന്ദേശമാണ്. മതങ്ങൾക്കിടയിലെ സംഘർഷങ്ങൾക്കപ്പുറം സ്നേഹവും കാരുണ്യവും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന ഗുരുദേവ ദർശനങ്ങൾക്ക് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുണ്ട്. ശിവഗിരി മഠത്തിന്റെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും ദേശീയ, അന്തർദേശീയ തലങ്ങളിൽ ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സഹകരണവും ഉറപ്പാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത സാമൂഹിക നവോത്ഥാനത്തിന്റെ തുടർച്ചയ്ക്ക് ശ്രീനാരായണ പ്രസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും അനിവാര്യമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗവും ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റും ശ്രീനാരായണ ട്രസ്റ്റും ഒരേ ഗുരുദർശനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളാണ്. ഇവയ്ക്കിടയിൽ കൂടുതൽ ഏകോപനവും ആശയപരമായ ഐക്യവും രൂപപ്പെടുന്നത് വിദ്യാഭ്യാസം, ആത്മീയത, സാമൂഹിക നീതി, പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. ‘സംഘടനകൊണ്ട് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്ന ഗുരുദേവ സന്ദേശത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ശിവഗിരിയിലെത്തിയ രാജീവ് ചന്ദ്രശേഖറും തുഷാർ വെള്ളാപ്പള്ളിയും ഗുരുദേവന്റെ മഹാസമാധിയിൽ സമൂഹപ്രാർത്ഥനയിലും ഗുരുപുഷ്പാഞ്ജലിയിലും ദീപാർപ്പണത്തിലും പങ്കെടുത്ത് പ്രണാമമർപ്പിച്ചു. തുടർന്ന് ധർമസംഘം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റ് സ്വാമി ഋതംബരാനന്ദ, ജനറൽ സെക്രട്ടറി പത്മശ്രീ സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരെ നേരിൽക്കണ്ട് ആശംസകൾ നേർന്നു. പുതിയ ഭാരവാഹികളെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കുന്നതിനും ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ നേതൃത്വത്തിന് കഴിയട്ടെയെന്ന് ഇരുവരും ആശംസിച്ചു.

അജി എസ്.ആർ.എം, ഗോകുൽദാസ്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, സന്ദീപ് പച്ചയിൽ, പ്രമോദ് കണ്ണൻ, രജികുമാർ, ബിബിൻ രാജ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.