പനി ബാധിച്ച് ഇന്ന് കോഴിക്കോട്ട് അഞ്ച് മരണം. രണ്ട് പേർ മരിച്ചത് എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് എലിപ്പനിയെന്ന് സംശയം. എലിപ്പനി ലക്ഷണങ്ങളോടെ ഇന്ന് മാത്രം ചികിത്സ തേടിയത് 31 പേർ. ഇതിൽ 12 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.

കോഴിക്കോട്: പനി ബാധിച്ച് ഇന്ന് കോഴിക്കോട്ട് അഞ്ച് മരണം. രണ്ട് പേർ മരിച്ചത് എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് എലിപ്പനിയെന്ന് സംശയം. എലിപ്പനി ലക്ഷണങ്ങളോടെ ഇന്ന് മാത്രം ചികിത്സ തേടിയത് 31 പേർ. ഇതിൽ 12 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.

അതേസമയം, പ്രളയബാധിത പ്രദേശങ്ങളിൽ ഉള്ളവർക്കും പ്രസ്തുത ജില്ലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി പോയിട്ടുള്ളവർക്കും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായാൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത അറിയിച്ചു. ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ എലിപ്പനി പ്രതിരോധ മരുന്ന് നിർബന്ധമായും കഴിക്കണം. രോഗാണ് ശരീരത്തിൽ പ്രവേശിച്ചാൽ നാല് മുതൽ 20 ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. 

എലി, പൂച്ച കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യം വലിയതോതിൽ വെള്ളത്തിൽ കലർന്നിട്ടുള്ളതിനാൽ എലിപ്പനി സാധ്യത വളരെ കൂടുതലാണ്. മലിനജലവുമായി സമ്പർക്ക സാധ്യത ഉള്ളവർ നിർബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണം. ആഹാരത്തിന് ശേഷം രണ്ട് 100 മില്ലി ഗ്രാം ഗുളികകൾ, ആഴ്ചയിൽ രണ്ട് വീതം ആറാഴ്ച വരെ തുടർച്ചയായി കഴിക്കണം. മറ്റ് ജില്ലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പോകുന്നവർക്ക് ടെറ്റനസ് ഇൻജക്ഷൻ എടുക്കാനും ഡോക്‌സി സൈക്ലിൻ ഗുളികകൾ ലഭ്യമാക്കാനുമുള്ള സൗകര്യം ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഏർപ്പാടാക്കിയിട്ടുണ്ടെന്നും, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തൽ ശുചീകരണപ്രവർത്തങ്ങൾക്ക് പോകുന്നവർക്ക് വേണ്ട ആരോഗ്യ മുൻകരുതലെടുക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.