പ്രളയത്തില്‍ മുങ്ങിയ കല്ലുത്താന്‍കടവ് കോളനി പ്രദേശത്ത് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. ഇവിടെ പ്രതിരോധ മരുന്നുകള്‍ ഇതുവരെയും വിതരണം ചെയ്തിട്ടില്ല. പനിയുമായി ചില കോളനിവാസികള്‍ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. 

കോഴിക്കോട്/കൊച്ചി: കോഴിക്കോട് ജില്ലയില്‍ എലിപ്പനി പ്രതിരോധം ഊര്‍ജ്ജിതമാക്കി എന്ന് പറയുമ്പോഴും, പലയിടത്തും ഇപ്പോഴും പ്രതിരോധ മരുന്ന് വിതരണം ചെയ്തിട്ടുപോലുമില്ല. നഗരത്തിലെ പല കോളനികളും രൂക്ഷമായ മാലിന്യപ്രശ്നം നേരിടുകയാണ്. പ്രളയത്തില്‍ മുങ്ങിയ കല്ലുത്താന്‍കടവ് കോളനി പ്രദേശത്ത് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്.

ഇവിടെ പ്രതിരോധ മരുന്നുകള്‍ ഇതുവരെയും വിതരണം ചെയ്തിട്ടില്ല. പനിയുമായി ചില കോളനിവാസികള്‍ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. കോഴിക്കോട് ജില്ലയില്‍ വ്യാപകമായി എലിപ്പനി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു എന്ന് ആരോഗ്യമന്ത്രിയും ഡി.എം.ഒയും അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് നഗരമദ്ധ്യത്തില്‍ ഇങ്ങനെ ഒരു പ്രദേശം.

എറണാകുളത്തും എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. പ്രളയത്തിനുശേഷം ഇതുവരെ 99 പേർ ചികിത്സ തേടി. ശുചീകരണത്തിന് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. പെരുമ്പാവൂര്‍ സ്വദേശിനി കുമാരി എന്ന നാല്പത്തിയെട്ടുകാരിയുടെ മരണത്തെത്തുടര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ക്കിടയില്‍ എലിപ്പനി പ്രതിരോധ മരുന്നു വിതരണം ചെയ്യാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

നെടുമ്പാശേരി ഭാഗങ്ങളിലുള്ള വീടുകളില്‍ കുമാരി ശുചീകരണത്തിനിറങ്ങിയിരുന്നു. വിശദ പരിശോധനാ ഫലം പുറത്തുവരാതെ എലിപ്പനി മരണമെന്ന് വകുപ്പ് സ്ഥിരീകരിക്കില്ല. എന്നാല്‍ ലക്ഷണങ്ങള്‍ എലിപ്പനിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശുചീകരണത്തിന് ഇറങ്ങുന്നവര്‍ക്ക് നിര്‍ബന്ധമായും പ്രതിരോധ മരുന്ന് നല്‍കും. മൂന്നു ഡോക്ടര്‍മാരുടെ നേത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് പ്രത്യേക സെല്ലും തുറന്നു.

കഴിഞ്ഞ ദിവസം മാത്രം 19 പേരാണ് എറണാകുളം ജില്ലയില്‍ ചികിത്സ തേടിയത്. പ്രളയം നാശം വിതച്ച മേഖലയില്‍ നിന്നു മാത്രമല്ല, ജില്ലയുടെ ഒട്ടു മിക്ക പ്രദേശത്തുനിന്നും എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പെരുമ്പാവൂര്‍, കോടനാട്, കുട്ടമ്പുഴ, പറവൂര്‍, എന്നിങ്ങനെയുള്ള പ്രളയ ബാധിത മേഖലകളിലും ഫോര്‍ട്ട് കൊച്ചി, ഉദയം പേരൂര്‍, ഇടപ്പള്ളി, എന്നിങ്ങനെയുള്ള മറ്റിടങ്ങളില്‍ നിന്നും എലിപ്പനി ലക്ഷണങ്ങളുമായി ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്.