ആലപ്പുഴ ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ വരുന്ന 131-മത്തെ നമ്പര്‍ റേഷന്‍കടയില്‍ ഞങ്ങളുടെ വാര്‍ത്ത സംഘം എത്തി. ഇവിടെ 2015 മെയ് മാസത്തില്‍ എപിഎല്‍ സബ്സിഡി കാര്‍ഡുടമകള്‍ക്ക് ആകെ വിതരണം ചെയ്യേണ്ടത് 1557 കിലോഗ്രാം അരി. ഇത് മുഴുവന്‍ കൊടുത്തെന്ന് തെളിയിക്കുന്ന മാസാവസാന കണക്ക്.
അതായത് ഈ റേഷന്‍കടയിലെ എപിഎല്‍ കാര്‍ഡുടമകളെല്ലാം 2015 മെയ് മാസത്തില്‍ റേഷന്‍വാങ്ങിയെന്ന് ചുരുക്കം. എല്ലാ എപിഎല്ലുകാരും റേഷന്‍ വാങ്ങാന്‍ സാധ്യതയുണ്ടോ എന്നാണ് പിന്നീട് ഞങ്ങള്‍ അന്വേഷിച്ചത്. 131-മത്തെ നമ്പര്‍ റേഷന്‍കടയിലെ എപിഎല്‍ കാര്‍ഡുടമകളായ വയലാര്‍ എട്ടുപുരയ്ക്കല്‍ സ്വദേശികളായ ബാബുവിനെയും കുഞ്ഞിമോനെയും ഞങ്ങള്‍ കണ്ടു.
ഇവര്‍ രണ്ടുപേരും വര്‍ഷങ്ങളായി റേഷന്‍ സാധനങ്ങള്‍ വാങ്ങാറില്ല. അപ്പോള്‍ എല്ലാവരും റേഷന്‍വാങ്ങിയെന്ന് റേഷന്‍കടയുടമ കണക്ക് കൊടുക്കുമ്പോള്‍ ബാബുവിന്‍റെയും കുഞ്ഞുമോന്‍റെയും അരി ആര് വാങ്ങി. ഇത് റേഷന്‍കടയുടമ എഴുതി എടുത്തു. ഈ രണ്ടുപേരുടേത് മാത്രമല്ല.
സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പതിനായിരങ്ങളുടെ റേഷന്‍ സാധനങ്ങളാണ് ഇങ്ങനെ മറിക്കുന്നത്. ഇത് ചേര്‍ത്തല താലൂക്കിലെ ഞങ്ങള്‍ കണക്കെടുത്ത 12 റേഷന്‍കടകളിലെ മാത്രം സ്ഥിതിയല്ല. സംസ്ഥാനത്ത നിരവധി റേഷന്‍കടകളില്‍ ഇതുപോലെ വാങ്ങാത്ത റേഷന്‍ വാങ്ങിയെന്ന് കണക്കെഴുതി നമ്മുടെ റേഷന്‍ സാധാനങ്ങള്‍ കരിഞ്ചന്തയിലേക്ക് യഥേഷ്ടം ഒഴുക്കുകയാണിവര്‍.
അനുവദിച്ച് റേഷന്‍ കൊടുക്കാത്തതിനൊപ്പം വാങ്ങാത്ത റേഷന്‍ കടയുടമകള്‍ എഴുതി എടുക്കുകയും ചെയ്യുന്നു. ഇത് രാഷ്ട്രീയ നേതൃത്വും ഉദ്യോഗസ്ഥരും റേഷന്‍വ്യാപാരികളും എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ്. വര്‍ഷങ്ങളായി ഇതിങ്ങനെ തുടരുകയുമാണ്.
