വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടി ലീന മരിയ പോളിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും ഇന്റർനെറ്റ് കോർ വിളിച്ചത് രവി പൂജാരി തന്നെയാണെന്നും കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളികളുടെ ശബ്ദരേഖകൾ കേരള പൊലീസ് ,കർണാടക പൊലീസിന് കൈമാറിയിരുന്നു

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പു കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിചേർത്തു. മൂന്നാം പ്രതിയാക്കിയുള്ള റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ നൽകും.

ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായ രവി പൂജാരി തന്നെയാണ് കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പിന് പിന്നിലെന്ന് ഉറപ്പിച്ചതോടെയാണ് പൊലീസിന്റെ നടപടി. കേസ് രേഖകളിൽ മൂന്നാം പ്രതിയാക്കിയാണ് ഉൾപ്പെടുത്തിയത്. ഇതു സംബന്ധിച്ച റിപോർട് അടുത്ത ദിവസം സമർപ്പിക്കും. 

ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്ത ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേരേയായിരുന്നു നേരത്തെ പ്രതിചേർത്തത്. രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അധോലോക കുറ്റവാളിക്കെതിരായ നടപടി. 

വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടി ലീന മരിയ പോളിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും ഇന്റർനെറ്റ് കോർ വിളിച്ചത് രവി പൂജാരി തന്നെയാണെന്നും കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളികളുടെ ശബ്ദരേഖകൾ കേരള പൊലീസ് ,കർണാടക പൊലീസിന് കൈമാറിയിരുന്നു. ഓസ്ട്രേലിയയിൽ നിന്നെന്ന പേരിലുള്ള രവി പൂജാരിയുടെ ഇൻറർ നെറ്റ് കോളുകൾ കേന്ദ്രീകരിച്ച് കർണാടക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. 

സെനഗലിൽ പിടിയിലായ രവി പൂജാരിയെ 5 ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്. രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കർണാടക പൊലീസിന്റെയും മുംബൈ പൊലീസിന്റെയും നടപടികൾക്കു ശേഷം ഇയാളെ കൊച്ചി പൊലീസിനും കസ്റ്റഡിയിൽ വാങ്ങേണ്ടി വരും.