ഒരു റെസ്റ്റോറന്റിന് പുറത്ത് സംസാരിച്ചുനിന്ന യുവാവിനേയും രണ്ട് സുഹൃത്തുക്കളെയും കാറിലെത്തിയ ബൈജു പോൾ തടഞ്ഞുവെച്ചു. രഹസ്യാന്വേഷണ സംഘടനയായ റോയിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ബലമായി ഹോട്ടലിനുള്ളിലേക്ക് കൊണ്ടുപോയി.

കൊച്ചി: റോ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ചയാൾ കൊച്ചിയിൽ പിടിയിലായി. വയനാട് സ്വദേശി ബൈജു പോളാണ് അറസ്റ്റിലായത്. എയർ പിസ്റ്റളും ഇയാളിൽ കണ്ടെടുത്തിട്ടുണ്ട്.

പുലർച്ചെ നാലു മണിയോടെ കൊച്ചി ചക്കരപ്പറമ്പിലാണ് സംഭവം. ഇവിടുത്തെ ഒരു റെസ്റ്റോറന്റിന് പുറത്ത് സംസാരിച്ചുനിന്ന യുവാവിനേയും രണ്ട് സുഹൃത്തുക്കളെയും കാറിലെത്തിയ ബൈജു പോൾ തടഞ്ഞുവെച്ചു. രഹസ്യാന്വേഷണ സംഘടനയായ റോയിലെ ഉദ്യാഗസ്ഥനെന്ന് പറഞ്ഞ് ബലമായി ഹോട്ടലിനുളളിലേക്ക് കൊണ്ടുപോയി. തുടർന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്യുന്നതായി ഭാവിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണും പഴ്സും പിടിച്ചുവാങ്ങി. കൈവശം ഉണ്ടായിരുന്ന എയർ പിസ്റ്റ‌ള്‍ ചൂണ്ടിയും ഇയാള്‍ ഭീഷണിപ്പെടുത്തി. 

തട്ടിപ്പിനിരയായവർ പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ബൈജു പോൾ അറസ്റ്റിലായത്. ലൈസൻസ് വേണ്ടാത്ത എയർപിസ്റ്റള്‍ ഇയാളുടെ കാറിൽ നിന്നാണ് കിട്ടിയതെന്ന് പൊലീസ് പറഞ്ഞു. വയനാട് സ്വദേശിയാണെങ്കിലും ദീ‍ർഘകാലമായി കൊച്ചിയിലാണ് ബൈജു പോളിന്റെ താമസം. എന്നാൽ ചില മാനസിക പ്രശ്നങ്ങൾ നേരിടുന്നയാളാണ് ബൈജു പോളെന്നാണ് ഇയാളുടെ ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്നും ആൾമാറാട്ടം, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.