പുതിയ 2000 രൂപയും 500 രൂപയും വയ്ക്കുന്നതിനായി എടിഎമ്മുകള്‍ പുനക്രമീകരിക്കുന്ന നടപടി സജീവമാണെന്നും ഒരാഴ്ചക്കുള്ളില്‍ രാജ്യത്തെ പകുതി എടിഎമ്മുകളും സജ്ജമാകുമെന്നും ആര്‍ബിഐ അറിയിച്ചു. ഒരു ദിവസം 12,500 എടിഎമ്മുകള്‍ വീതം പുന:ക്രമീകരിക്കും.
പാന്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിക്കാത്തവര്‍ 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍കാര്‍ഡ് നല്‍കണം. കഴിഞ്ഞ ഒരാഴ്ചയില്‍ ഒന്നര ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നുവെന്ന് എസ്ബിഐ അറിയിച്ചു. 5,800 കോടി രൂപയുടെ നോട്ടുകള്‍ മാറി നല്‍കി. കള്ളപ്പണം മാറ്റുന്നതിന് സാധാരണക്കാരെ ഉപയോഗിക്കുന്നുവെന്ന് കൂടുതലായി പരാതി ലഭിച്ച ദില്ലിയുള്‍പ്പടെ മെട്രോ നഗരങ്ങളിലാണ് വലതുകയ്യിലെ ചൂണ്ടുവിരലില്‍ മഷിയടയാളം പതിപ്പിച്ച് തുടങ്ങിയത്.
മഷി കിട്ടാത്ത ബാങ്കുകളില്‍ മാര്‍ക്കര്‍ കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. അക്കൗണ്ട് ഉള്ളവര്‍ക്ക് മഷി പുരട്ടാതെ പണം മാറ്റാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് ചില ബാങ്കുകളില്‍ എല്ലാവരുടെ കയ്യിലും മഷി ഇപ്പോള്‍ പുരട്ടുകയാണ്. 5000 രൂപക്ക് മുകളിലുള്ള റെയില്‍വേ ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി ഇന്നും ദില്ലിയുള്‍പ്പടെ നഗരങ്ങളില്‍ പണം മാറിയെടുക്കാന്‍ നീണ്ട നിരയായിരുന്നു.
