തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസ് അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാമെന്നും തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അങ്കമാലി സ്വദേശി ജോണി, കൂട്ടാളി രഞ്ജിത് എന്നിവരെ രാത്രി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണം ശരിയായ ദിശയിലാണെന്നു തന്നെയാണ് പൊലീസ് പറയുന്നത്. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഇല്ല. എന്നാല്‍ അന്വേഷണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകില്ല. കേസിന്റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടാണ് ജോണിയെയും രഞ്ജിത്തിനെയും അറസ്റ്റു ചെയ്തത്. കേസില്‍ കൊച്ചിയിലെ അഭിഭാഷകനു പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയിലായതിനാല്‍ വ്യക്തമാക്കാനാകില്ലെന്നും റൂറല്‍ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.
അറസ്റ്റിലായ ജോണിയും രഞ്ജിത്തും ആദ്യ ഘട്ടത്തില്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. പഠിപ്പിച്ചതു പോലുള്ള ഉത്തരങ്ങളായിരുന്നു ഇരുവരുടേതും. എന്നാല്‍ മൊബൈല്‍ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്തതോടെ കേസുമായി ബന്ധപ്പെട്ട പല നിര്‍ണ്ണായക വിവരങ്ങളും ഇവര്‍ വെളിപ്പെടുത്തിയതായാണ് വിവരം.
റിയല്‍ എസ്റ്റേറ്റ് ഇടപാടിനു പുറമെ മറ്റു കാരണങ്ങള്‍ കൊലയക്ക പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. രാജീവ്, ജോണി എന്നിവരുമായി ബന്ധപ്പെട്ട റിയല്‍ എസ്സ്‌റ്റേറ്റ്, പണമിടപാടുകാര്‍ എന്നിവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.ഇവരില്‍ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്‍ നീക്കങ്ങള്‍.
