ദോഹ: ഖത്തറില്‍ അര നൂറ്റാണ്ടു പഴക്കമുള്ള റിയല്‍ എസ്റ്റേറ്റ് നിയമം ഭേദഗതി ചെയ്യുന്നു. റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശം തുടങ്ങിയവ നിയന്ത്രിക്കുന്നതാണു പുതിയ ഭേദഗതികള്‍.
രാജ്യത്തെ റിയല്‍ സ്റ്റേറ്റുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തിക്കൊണ്ടാണു നിലവിലെ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നത്. ജിസിസി പൗരന്മാരുടെയും വിദേശികളുടെയും നിലവിലുള്ള ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതാണു പുതിയ ഭേദഗതികള്‍.
ലുസൈല്‍, പേള്‍ ഖത്തര്‍ തുടങ്ങിയ വന്‍കിട പദ്ധതികളില്‍ വിദേശികള്‍ക്കു വസ്തുവകകള്‍ സ്വന്തമാക്കാന്‍ അനുമതിയുണ്ട്. നിയമ വിരുദ്ധമായി റിയല്‍ എസ്റ്റേറ്റ് രേഖകള്‍ തരപ്പെടുത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷയും ലഭിക്കും. റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ രേഖ കൃത്രിമമായി ഉണ്ടാക്കിയാല്‍ 10000 റിയാലാണു പിഴ. ഭൂമിയുടെയും വസ്തുക്കളുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയാണ് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നിലവില്‍ ഭൂമിയടക്കമുള്ള വസ്തുവകകള്‍ പാരമ്പര്യമായി കൈവശംവയ്ക്കുന്നുവെന്ന പതിവ് പലപ്പോഴും തര്‍ക്കങ്ങള്‍ക്കു വഴിവെക്കാറുണ്ട്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ ഭൂവുടമകളും ഭൂമിയുടെ അതിരും വിസ്തൃതിയും വ്യക്തമാക്കി ഭൂമി രജിസ്റ്റര്‍ ചെയ്യേണ്ടി വരും. പഴയ നിയമത്തില്‍ ഉള്‍പെടാതിരുന്ന കൂടുതല്‍ മേഖലകളില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതിയില്‍ ഉണ്ട്. വിദേശികള്‍ക്കു കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇതു പ്രേരണയാകുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.
