Asianet News MalayalamAsianet News Malayalam

റിയല്‍ എസ്റ്റേറ്റ് കൊലപാതകം; പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെ പ്രതിചേര്‍ത്തു

real estate murder case adv cp udhayabhanu in accused list
Author
First Published Oct 16, 2017, 12:40 PM IST

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍  അഡ്വ സി പി ഉദയഭാനുവിനെ പൊലീസ് പ്രതി ചേര്‍ത്തു. ഏഴാം പ്രതിയാക്കിയുളള റിപ്പോര്‍ട്ട് അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്നും എന്നാല്‍ 23വരെ അറസ്റ്റ് പാടില്ലെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

അഡ്വ സിപി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണ വിവരങ്ങളും മൊഴികളും മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ലഭിച്ച മൊഴികളുടയെുമ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഉദയഭാനുവിനെ ഏഴാം പ്രതിയാക്കിയതായി പൊലീസ് തന്നെ കോടതിയെ അറിയിച്ചു.

അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സിംഗിള്‍ ബെഞ്ചും നിര്‍ദേശിച്ചു. ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നതിന് പൊലീസിന് തടസമില്ല. നിയമാനുസൃതമായ നോട്ടീസ് നല്‍കി നടപടി തുടരാം. എന്നാല്‍ ഈ മാസം 23വരെ അറസ്റ്റ് പാടില്ലെന്ന് അനേഷണസംഘത്തോട് കോടതി നിര്‍ദേശിച്ചു.കൊല്ലപ്പെട്ട രാജീവിന്റെ മകനെ ഹര്‍ജിയില്‍  കക്ഷി ചേര്‍ക്കാന്‍ കോടതി അനുമതി നല്‍കി. 

സുപ്രധാന രേഖകളും തെളിവുകളും ഹാജരാക്കാമെന്ന് രാജീവിന്റെ മകന്‍ പറഞ്ഞ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ട രാജീവുമായി ഉദയഭാനുവിന് സാന്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ ആരോപണം. 

എന്നാല്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും പറയാനുളളതെല്ലാം പൊലീസിനോട് പറയുമെന്നും അഡ്വ സി പി ഉദയഭാനുവും പ്രതികരിച്ചു. ഹൈക്കോടയിലെ പ്രമുഖ അഭിഭാഷകരായ അഡ്വ ബി രാമന്‍ പിളള, അഡ്വ പി വിജയഭാനു എന്നിവരാണ് സിപി ഉദയഭാനുവിനായി ഹാജരായത്. മുന്‍കൂ ജാമ്യ ഹര്‍ജി 23ന് വീണ്ടും പരിഗണിക്കും.
 

Follow Us:
Download App:
  • android
  • ios