റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറുമെന്ന് പ്രചാരമുണ്ട്

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറുമെന്ന് പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. റൊണാള്‍ഡോ യുവന്‍റസിലേക്ക് പോകുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളാണ് പല കായിക വെബ്സൈറ്റുകളും പുറത്തുവിടുന്നത്. ഇതിനിടെ റോണോയെ റയല്‍ വിട്ടുകൊടുക്കാന്‍ പാടില്ല എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ക്ലബ് പ്രസിഡന്‍റ് റോമന്‍ കാല്‍ഡേര്‍സണ്‍.

അഞ്ച് തവണ ബാലന്‍ ഡി ഓര്‍ ജേതാവായ ക്രിസ്റ്റ്യാനോയെ വിട്ടുകൊടുക്കുന്നത് ചരിത്ര മണ്ടത്തരമാകുമെന്ന് റോമന്‍ പറയുന്നു. റോണോ പോയാല്‍ ടീമില്‍ ഒഴിവുവരുന്ന സ്‌ട്രൈക്കര്‍ സ്ഥാനം പരിഹരിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. സീസണില്‍ ഉറപ്പായും 50 ഗോളുകള്‍ നേടാന്‍ കഴിയുന്ന ചാമ്പ്യനെ കണ്ടെത്തുക പ്രയാസമാണ്. അതിനാല്‍ റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറെന്‍റീനോ പെരസ് ഏത് വിധേനയും താരത്തെ നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്ന് മുന്‍ പരിശീലകന്‍ ആവശ്യപ്പെട്ടു.

റോണോ കൂടുതല്‍ പ്രതിഫലത്തിന് അര്‍ഹനാണ്. കമ്പനിയിലെ മികച്ചയാള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും റോമന്‍ പറഞ്ഞു. അതേസമയം റോണോയെ സ്വന്തമാക്കാന്‍ യുവന്‍റസ് നടത്തുന്ന നീക്കങ്ങളെ റോമന്‍ അഭിനന്ദിച്ചു. ലോകത്തെ മികച്ച ക്ലബുകളിലൊന്നായ യുവന്‍റസിന്‍റെ ചരിത്രത്തില്‍ ഇത് വഴിത്തിരുവാകുമെന്നും റോമന്‍ പറഞ്ഞു. 88 മില്യണ്‍ യൂറോയ്ക്ക് റോണോയെ സ്വന്തമാക്കാന്‍ യുവന്‍റസ് നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.