ദില്ലി: പഞ്ചാബില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് അകാലിദള്‍ കര്‍ശന നിലപാടെടുത്തതോടെയാണ് അല്‍ഫോണസ് കണ്ണന്താനത്തെ ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്ററാക്കാനുള്ള തീരുമാനം ബിജെപി മരവിപ്പിച്ചത്. നിയമനത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിനു പിന്നാലെ അകാലിദള്‍ നേതാക്കള്‍ പ്രധാനമന്ത്രിയേയും അമിത് ഷായേയും കണ്ട് പരാതി അറിയിക്കുകയായിരുന്നു.

32 വര്‍ഷത്തിനു ശേഷം ചണ്ഡിഗഡില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനുള്ള ബിജെപിയുടെ തീരുമാനം സഖ്യകക്ഷിയായ അകാലിദളിനെ ചൊടിപ്പിച്ചു. ഇന്നലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിളിച്ച് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കു തുല്യമായ പദവിയില്‍ കണ്ണന്താനത്തെ നിയമിക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തതോടെ ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. 

അകാലിദളിനെ വിശ്വാസത്തിലെടുക്കാതെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനം പ്രഖ്യാപിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പ്രധാനമന്ത്രിയെ വിളിച്ച് പ്രതിഷധം അറിയിച്ചു. ചില അകാലിദള്‍ നേതാക്കള്‍ രാജ്‌നാഥ് സിംഗിനെയും അമിത്ഷായെയും കണ്ടു. തുടര്‍ന്ന് നിയമനം വേണ്ടെന്നു വെക്കാന്‍ ബിജെപി രാഷ്ട്രീയ തീരുമാനം കൈക്കൊളളുകയായിരുന്നു. 

രാത്രി പതിനൊന്ന് മണിക്ക് അമിത് ഷാ കണ്ണന്താനത്തെ വിളിച്ച് നിയമനം മരവിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. ആഭ്യന്തരമന്ത്രാലയവും തീരുമാനം അറിയിച്ചു. പഞ്ചാബ് ഗവര്‍ണ്ണറുടെ കൈയ്യിലുള്ള ചണ്ഡിഗഡ് ഭരണം നഷ്ടമാകുമെന്നാണ് അകാലിദളിന്റെ വാദം. മാത്രമല്ല രാജീവ് ഗാന്ധിയും ഹര്‍ചരണ്‍സിംഗ് ലോംഗോവാളും 1985ല്‍ ഒപ്പുവച്ച കരാറില്‍ ചണ്ഡിഗഡ് പഞ്ചാബിന് നല്‍കും എന്ന വ്യവസ്ഥ ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ദേശീയ നിര്‍വ്വാഹക സമിതി അംഗമായ കണ്ണന്താനത്തിന് ഉത്തരവാദിത്വം നല്കിയ ശേഷം ഇത് പിന്‍വലിക്കേണ്ടി വന്നത് ബിജെപിക്ക് തിരിച്ചടിയായി.