കഴിഞ്ഞ മാസം 15നായിരുന്നു തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം നടന്നത്. എന്നാല്‍ ജനങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ ഈ നീക്കം പരാജയപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങളെ അണിനിരത്തി കൂറ്റന്‍ റാലികള്‍ നടത്താന്‍ എര്‍ദോഗന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെയാണ് രാജ്യത്ത് റാലികള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇസ്താംബുളില്‍ നടന്ന പടുകൂറ്റന്‍ റാലിയെ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ത്വയ്ബ് എര്‍ദോഗന്‍ അഭിസംബോധന ചെയ്തത്.

രാജ്യത്ത് വധശിക്ഷ തിരികെ കൊണ്ടു വരുന്നതിനെ താന്‍ എതിര്‍ക്കില്ലെന്ന് എര്‍ദോഗന്‍ റാലിയില്‍ പ്രഖ്യാപിച്ചു. പട്ടാള അട്ടിമറിക്ക് പിന്നാലെ തന്നെ രാജ്യത്ത് വധശിക്ഷ തിരികെ കൊണ്ടു വരണമെന്ന ആവശ്യം ഉയര്‍ന്നിരിന്നു. തുര്‍ക്കി പാര്‍ലമെന്റും വധശിക്ഷയ്‌ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പ്രധാന പട്ടണങ്ങളിലെല്ലാം പൊതുജനങ്ങളെ അണിനിരത്തി പടുകൂറ്റന്‍ റാലികള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.