തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് 3 മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം.

ആലപ്പുഴ: സ്ഥിരതാമസ സാക്ഷ്യപത്രം നല്‍കാല്‍ ഒരു വര്‍ഷമെടുത്ത പഞ്ചായത്ത് ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് 3 മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസാണ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്കും തണ്ണീര്‍മുക്കം പഞ്ചായത്ത് സെക്രട്ടറിക്കും ഉത്തരവ് നല്‍കിയത്. 

തണ്ണീര്‍മുക്കം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും മുതിര്‍ന്ന പൗരനുമായ സി.കെ സദാനന്ദന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. തന്റെ മകനെ ജെ.ഡി.സിക്ക് ചേര്‍ക്കുന്നതിന് വേണ്ടിയാണ് 2016 ജൂണ്‍ 9 ന് പരാതിക്കാരന്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റിന് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. ജൂണ്‍ 16 ന് പഞ്ചായത്തിലെത്തി കൈപ്പറ്റ് രസീത് ചോദിച്ചപ്പോള്‍ സീനിയര്‍ ക്ലര്‍ക്കായ വനിത ധിക്കാരപൂര്‍വം സംസാരിച്ചതായി പരാതിയില്‍ പറയുന്നു.

സര്‍ട്ടിഫിക്കേറ്റോ കൈപ്പറ്റ് രസീതോ നല്‍കിയതുമില്ല. കമ്മീഷന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. താന്‍ 2016 ഡിസംബറിലാണ് ചുമതലയേറ്റതെന്നും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കത്ത് മുഖാന്തിരം അന്വേഷിച്ചപ്പോള്‍ മാത്രമാണ് സര്‍ട്ടിഫിക്കേറ്റ് തീര്‍പ്പാക്കാത്ത വിവരം അറിഞ്ഞതെന്നും സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ബന്ധപ്പെട്ട ജീവനക്കാരിയോട് വിശദീകരണം ചോദിച്ചപ്പോള്‍ 2016 ജൂണ്‍ 9 ന് തന്നെ താന്‍ സര്‍ട്ടിഫിക്കേറ്റ് തയ്യാറാക്കി സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നതായി പറഞ്ഞു.

ജൂണ്‍ 13 ന് സെക്രട്ടറി സര്‍ട്ടിഫിക്കേറ്റ് ഒപ്പിട്ട് നല്‍കി. സേവനാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ ഏഴ് ദിവസത്തിനകം തീര്‍പ്പാക്കാറുണ്ടെന്നും വിശദീകരണത്തില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കായ ജീവനക്കാരിയില്‍ നിന്നും കമ്മീഷന്‍ വിശദീകരണം ചോദിച്ചു. റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ് തപാലില്‍ അയക്കുന്ന പതിവില്ലെന്നും അപേക്ഷകന്‍ ഓഫീസില്‍ എത്തിയിരുന്നെങ്കില്‍ യഥാസമയം വാങ്ങാന്‍ കഴിയുമായിരുന്നുവെന്നും ജീവനക്കാരി പറഞ്ഞു.