ന്യൂഡല്‍ഹി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുള്ള ടൂറിസ്റ്റ് പൊലീസ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ശുപാര്‍ശ. വിദേശ ടൂറിസ്റ്റുകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമം കണക്കിലെടുത്താണ് നടപടിയെന്ന് ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജ്യത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങില്‍ വിദേശ സന്ദര്ശകര്‍ക്കെതിരെ അടുത്തിടെ നിരവധി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. വിദേശമാധ്യമങ്ങളിലടക്കം ഇത് ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം വിദേശ സന്ദര്‍ശകരുടെ സുരക്ഷ ശക്തമാക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി രംഗത്ത് വന്നത്. 

പൂര്‍ണ അധികാരത്തോടെയുളള ടൂറിസം പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു നിര്‍ദേദശമെന്ന് ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ സംസ്ഥാന ടൂറിസം മന്ത്രിമാര്‍, ആഭ്യന്തര സെക്രട്ടറിമാര്‍, ഡിജിപിമാര്‍ എന്നിവരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.