സന്നിധാനം: മകരവിളക്ക് ഉത്സവത്തിനായി നടതുറന്നതോടെ സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. ഇത്തവണ നടതുറന്ന ശേഷം 12 കോടി രൂപ നടവരവ് ഇനത്തില്‍ മാത്രം ലഭിച്ചു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്.

മകരവിളിക്ക് ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ പത്താം തീയതിക്ക് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. അനിവാര്യമായി ഘട്ടങ്ങളില്‍ മാത്രമേ ഭക്തരെ നിയന്ത്രിക്കാന്‍ വടം ഉപയോഗിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

തിരക്ക് കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്ക് അന്നദാനവും കുടിവെള്ളവും നല്‍കുന്നുണ്ടെന്നും പ്രസാദങ്ങള്‍ നല്‍കുന്നതിനും ഒരുക്കങ്ങള്‍ നടത്തിയതായും എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.

മണ്ഡലമാസ പൂജയ്ക്ക് നടയടച്ച ശേഷം മകരവിളക്കിനായി കഴിഞ്ഞ 30 നാണ് ശബരിമല നട തുറന്നത്. മണ്ഡലകാലത്തും റെക്കോഡ് വരുമാനമാണ് സന്നിധാനത്തുണ്ടായത്.