ദില്ലി: പാനമ രേഖകളില്‍ പറയുന്ന കമ്പനികളെ കുറിച്ച് തനിക്ക് അറിയില്ലെന്ന ബോളിവുഡ് താരം അമിതാബ് ബച്ചന്റെ വാദം പൊളിയുന്നു. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ ആസ്ഥാനമായുള്ള കമ്പനിയുടെ യോഗത്തില്‍ ഫോണ്‍ വഴി ബച്ചന്‍ പങ്കെടുത്തതിന്റെ രേഖകള്‍ പുറത്ത് വന്നു. വിഷയത്തില്‍ തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചു.
ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ ആസ്ഥാനമായുള്ള നാല് കമ്പനികളില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് പാനമയിലെ മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനത്തില്‍ നിന്ന് ചോര്‍ന്ന രേഖകളില്‍ പറയുന്നത്.

1993 മുതല്‍ 97 വരെ ഈ ഷിപ്പിംഗ് കമ്പനികളുടെ ഡയറക്ടറായിരുന്നു ബച്ചനെന്നും പാനമ രേഖകളിലുണ്ട്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പാനമ രേഖകളില്‍ പറയുന്ന കമ്പനികളെ കുറിച്ച് തനിക്ക് അറിയില്ലെന്നും തന്റെ പേര് ദുരുപയോഗപ്പെടുത്തുകയാണെന്നും ബച്ചന്‍ വിശദീകരണവുമായി എത്തി. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നിയമം അനുസരിക്കുന്ന പൗരനാണ് താന്‍ എന്നും തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും ബച്ചന്‍ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. തന്നോട് ചോദിക്കുന്നതിന് പകരം ഈ ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ഉന്നയിക്കണമെന്നും ബച്ചന്‍ വ്യക്തമാക്കി.
ട്രംപ് ഷിപ്പിംഗ് ലിമിറ്റഡ്, സീ ബള്‍ക് ഷിപ്പിംഗ് കമ്പനി ലിമിറ്റഡ് എന്നീ വിദേശകമ്പനികളുടെ 1994 ഡിസംബര്‍ 12ന് ചേര്‍ന്ന യോഗത്തില്‍ ഡയക്ടറായ ബച്ചന്‍ ടെലിഫോണ്‍ വഴി പങ്കെടുത്തുവെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്.. ജിദ്ദാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്നും പത്ത് ലക്ഷത്തി എഴുപത്തിയയ്യായിരം ഡോളര്‍ വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നത്.

നിയമം അനുസരിക്കുന്ന പൗരനാണ് താന്‍ എന്നും തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും ബച്ചന്‍ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. തന്നോട് ചോദിക്കുന്നതിന് പകരം ഈ ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ഉന്നയിക്കണമെന്നും ബച്ചന്‍ വ്യക്തമാക്കി.. പാനമ രേഖകളില്‍ പേരുള്‍പ്പെട്ട സാഹചര്യത്തില്‍ ബച്ചനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസഡറാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
