ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കുന്നതിന് കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന പ്രയാസങ്ങള്‍ക്ക് പുതിയ നടപടികളിലൂടെ അയവു വന്നതായി തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. തൊഴില്‍ മന്ത്രാലയം അടുത്തിടെ കൈക്കൊണ്ട നടപടികളിലൂടെ വീട്ടുജോലിക്കാരെ നിയമിക്കുന്നവര്‍ക്കും റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കും പരമാവധി ചെലവ് കുറക്കാന്‍ കഴിഞ്ഞത് ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുമെന്നാണ് സൂചന. ശമ്പളം കുറവായതിനാല്‍ 18 മാസമായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഖത്തറിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു തൊഴില്‍ മന്ത്രാലയം ഇടപെട്ട് അടുത്തിടെ നിരോധനം നീക്കുകയായിരുന്നു. 

അതേസമയം മലയാളി കുടുംബങ്ങള്‍ക്ക് കുട്ടികളെ പരിചരിക്കാനും മറ്റുമായി മലയാളി സ്‌ത്രീകളെ കിട്ടാത്ത സാഹചര്യം അതുപോലെ തുടരുകയാണ്. ചെറിയ കുട്ടികളുള്ള ഉദ്യോഗസ്ഥകളായ മലയാളി സ്‌ത്രീകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിവിധ രാജ്യക്കാരായ പ്രവാസി കുടുംബങ്ങള്‍ക്ക് അവരുടെ രാജ്യത്തു നിന്ന് തന്നെ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാന്‍ അനുവാദം ലഭിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. എന്നാല്‍ രാജ്യത്തെ പ്രവാസി ജനസംഖ്യ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജനസംഖ്യയില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യക്കാര്‍ക്ക് അവരുടെ രാജ്യത്തു നിന്നും വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.