പുഴ കര കവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ പുഴയ്ക്കക്കരെ കുടുങ്ങിയ കുടുംബത്തോടൊപ്പം രണ്ട് വയസ്സുള്ള കുഞ്ഞും കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എന്‍.ഡി.ആര്‍.എഫ് സംഘത്തില്‍ നിന്ന് ഒരാള്‍ കുഞ്ഞിനെ രക്ഷപ്പെടുത്താൻ തയ്യാറാവുകയായിരുന്നു 

കുടക്: പ്രളയം കനത്ത നാശം വിതച്ച കുടകില്‍ നിന്ന് ജീവന്‍ പണയപ്പെടുത്തി പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്ന എന്‍.ഡി.ആര്‍.എഫ് രക്ഷാപ്രവര്‍ത്തകന്റെ വീഡിയോ. എന്‍.ഡി.ടി.വിയാണ് വീഡിയോ പുറത്തുവിട്ടത്. കുത്തിയൊലിക്കുന്ന പുഴയുടെ അക്കരെ നിന്ന് കയറില്‍ തൂങ്ങിയാണ് ഇയാള്‍ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. 

കുടകില്‍ കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായ ആദ്യദിവസങ്ങളില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ആണിത്. പുഴ കര കവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ പുഴയ്ക്കക്കരെ കുടുങ്ങിയ കുടുംബത്തോടൊപ്പം രണ്ട് വയസ്സുള്ള കുഞ്ഞും കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എന്‍.ഡി.ആര്‍.എഫ് സംഘത്തില്‍ നിന്ന് ഒരാള്‍ കയറില്‍ സ്വയം ബന്ധിച്ച ശേഷം അക്കരെയെത്തി കുഞ്ഞിനെ കൊണ്ടുവരികയായിരുന്നു. 

ഉരുള്‍പൊട്ടലും പ്രളയവും കുടകിന്റെ വിവിധ ഭാഗങ്ങളെ പരിപൂര്‍ണ്ണമായി തകര്‍ത്തിരിക്കുകയാണ്. പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ഏതാണ്ട് ആയിരത്തോളം വീടുകള്‍ തകര്‍ന്നു. 15,000 കോടിയുടെ നഷ്ടമുണ്ടായതാണ് കണക്കാക്കപ്പെടുന്നത്. മടിക്കേരിയിലെ ഉരുള്‍പൊട്ടലില്‍ നാലിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ മണ്ണിനടിയില്‍ കൂടുതല്‍ പേര്‍ പെട്ടതായി സംശയിച്ചിരുന്നു. എന്നാല്‍ കുടക് മേഖലകളിലെ കെടുതികളിലുണ്ടായ മരണനിരക്ക് കൃത്യമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.