റഷ്യന്‍ ലോകകപ്പില്‍ 11 മത്സരങ്ങളിൽ ആർക്കും ചുവപ്പ് കാർഡ് ലഭിച്ചില്ല
മോസ്കോ: എക്കാലവും ഫുട്ബോളിന്റെ മാന്യത കളയുന്നത് കടുത്ത ടാക്ലിംഗുകളാണ്. എതിർതാരത്തെ റഫറിയുടെ കണ്ണിൽ പെടാതെ ഫൗൾ ചെയ്യാൻ വിദഗ്ധരായ പ്രതിരോധ താരങ്ങൾ. പല ഫൗളുകളും റഫറി കാണാത്തതിനാൽ നടപടിയും ഉണ്ടാകാറില്ല. ഇതിന് ഒരു പരിഹാരം കൂടിയായിരുന്നു വീഡിയ അസിസ്റ്റന്റ് റഫറി സിസ്റ്റം.
2018 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പുതിയ തീരുമാനം വിജയമെന്നാണ് സൂചന. ആദ്യ നാല് ദിവസങ്ങളിൽ 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു താരത്തിന് പോലും ചുവപ്പ് കാർഡ് നൽകേണ്ടി വന്നിട്ടില്ല. 1986ന് ശേഷം നടന്ന ലോകകപ്പുകളിൽ ഇത് റെക്കോഡാണ്.
1990 ലോകകപ്പിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ മൂന്ന് താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകി.98ലും 2002ലും 2006ലും ആദ്യ പത്ത് കളികൾക്കുള്ളിൽ തന്നെ താരങ്ങൾക്ക് നേരെ ചുവപ്പ് കാർഡ് ഉയർത്തേണ്ടി വന്നു. 2010ൽ മൂന്ന് ചുവപ്പ് കാർഡ് ഉയർത്താൻ ആദ്യ പത്ത് മത്സരങ്ങൾ പോലും വേണ്ടി വന്നില്ല. കഴിഞ്ഞ ലോകകപ്പിൽ ആറാമത്തെ കളിയിൽ തന്നെ ചുവപ്പ് കാർഡ്.
ഇവിടെയാണ് 11 കളികൾക്ക് ശേഷവും ചുവപ്പ് കാർഡില്ലാതെ റഷ്യൻ ലോകകപ്പ് പുരോഗമിക്കുന്നത്. മഞ്ഞ കാർഡുകളിലും കാര്യമായ കുറവാണുള്ളത്. റഫറി വീണ്ടും പരിശോധിക്കുമെന്നതിനാൽ മനഃപൂർവ്വമുള്ള ഫൗൾ നടത്താൻ താരങ്ങൾ മടിക്കുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
താരങ്ങളുടെ കളിക്കളത്തിലെ പെരുമാറ്റം നന്നാക്കാൻ പുതിയ തീരുമാനം കാരണമായെന്നാണ് വിഎആറിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാ ഡേവിഡ് എല്ലെറെ പറയുന്നത്. വിഎആർ സംവിധാനത്തിലൂടെ പെനാൽറ്റി അനുവദിച്ചതും റഷ്യൻ ലോകകപ്പ് കണ്ടു.
കഴിഞ്ഞ ലോകകപ്പുകളിലെ ആദ്യ മത്സരങ്ങളിലെ ചുവപ്പുകാര്ഡിന്റെ എണ്ണം താഴെ പറയുന്ന പ്രകാരമാണ്.
1990 ലോകകപ്പ് ആദ്യ 5 മത്സരങ്ങൾ ചുവപ്പ് കാർഡ് 3
1994 ലോകകപ്പ് അദ്യ 12 മത്സരങ്ങൾ ചുവപ്പ് കാർഡ് 3
1998 ലോകകപ്പ് ആദ്യ 10 മത്സരങ്ങൾ ചുവപ്പ് കാർഡ് 3
2002 ലോകകപ്പ് ആദ്യ 10 മത്സരങ്ങൾ ചുവപ്പ് കാർഡ് 3
2006 ലോകകപ്പ് ആദ്യ മൂന്ന് മത്സരങ്ങൾ ചുവപ്പ് കാർഡ് 1
2010 ലോകകപ്പ് ആദ്യ 8 മത്സരങ്ങൾ ചുവപ്പ് കാർഡ് 3
2014 ലോകകപ്പ് ആദ്യ 10 മത്സരങ്ങൾ ചുവപ്പ് കാർഡ് 2
