ട്രംപ് പേരെടുത്തുപറഞ്ഞ 7 രാജ്യങ്ങളില്‍നിന്ന് ഭീകരവാദ ഭീഷണിയുണ്ടെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ തീരുമാനം. ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനമാണ് കോടതി തടഞ്ഞത്. 

പക്ഷേ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ട്രംപ് നിശ്ചയിച്ച പരിധിക്ക് മാറ്റമുണ്ടാവില്ല. ഈ വര്‍ഷം 50,000 അഭയാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രവേശനം ചുരുക്കിക്കൊണ്ടായിരുന്നു ട്രംപിന്റെ ഉത്തരവ്. ബരാക് ഒബാമ നിശ്ചയിച്ചിരുന്ന പരിധി 1 ലക്ഷത്തി പതിനായിരമായിരുന്നു. യാത്രാനിരോധനം മാത്രമാണ് കോടതി പരിഗണിച്ചത്.

പ്രസിഡന്റിന്റെ ഉത്തരവിന്റെ ഭരണഘടനാസാധുത പരിഗണിച്ചിട്ടില്ല. ഉത്തരവിനെ എതിര്‍ത്ത സംസ്ഥാനങ്ങള്‍ കോടതിവിധി സ്വാഗതം ചെയ്തു. സ്‌കോര്‍ 30 എന്നായിരുന്നു ഹിലരിയുടെ ട്വീറ്റ്. കോടതിവിധിക്കെതിരായി നിയമപരമായി നീങ്ങാനാണ് ട്രംപിന്റെ തീരുമാനം. ട്വീറ്ററിലൂടെയായിരുന്നു പ്രതികരണം.