കൊച്ചി: പുതുച്ചേരി വ്യാജ വാഹന രജ്സ്ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി അമല പോള്‍ അന്വേഷണസംഘത്തിന് മുന്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി. 
ഈ മാസം 15ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമലാ പോൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അമല പോളിനും ഹഫദ് ഫാസിലിനും ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു. ഫഹദ് മുന്‍കൂര്‍ ജാമ്യം നേടി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ അമല പോളിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വയ്ക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് അമലക്ക് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ അമല ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് അമലാ പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.