ചെന്നൈ: വൈകിയ നീതി, നീതി നിഷേധമാണെങ്കിൽ അതിന് നീതിപീഠം ഹർജിക്കാരിയോട് ഖേദം പ്രകടിപ്പിച്ചു. മദ്രാസ് ഹൈക്കോടതിയിൽ നിന്നാണ് നീതിന്യായ ചരിത്രത്തിൽ രേഖപ്പെടുത്തിവെക്കേണ്ട സുപ്രധാന വിധി പ്രസ്താവമുണ്ടായത്. മകൻ്റെ മരണത്തിന് നഷ്ടപരിഹാരം തേടി നീണ്ട 24 വർഷം നീതിക്കുവേണ്ടി അലഞ്ഞ സ്ത്രീയോടാണ് ഒടുവിൽ കോടതിയുടെ ക്ഷമാപണം. ‘ക്ഷമിക്കണം, നിങ്ങളുടെ അവകാശം ഞങ്ങൾ ദീർഘകാലം തടഞ്ഞുവെച്ചതിന്’ എന്ന വിധി വാചകത്തിലൂടെയാണ് നീതി പീഠം ആ അമ്മയുടെ നിലവിളി കേട്ടത്. 1993 മെയ് 18നാണ് ലോറി ഡ്രൈവറായ മകൻ ലോകേശ്വരനെ ബക്കിയാമിന് നഷ്ടപ്പെട്ടത്.
പൊതുമേഖലാ ഇൻഷൂറൻസ് കമ്പനി സമർപ്പിച്ച അപ്പീൽ തള്ളികളഞ്ഞുകൊണ്ട് ജസ്റ്റിസ് എൻ. സേശസായി ആണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. മോട്ടോർ വാഹന നഷ്ട പരിഹാര ട്രൈബ്യൂണൽ വിധിച്ച 3.4 ലക്ഷം രൂപക്ക് എതിരെയായിരുന്നു ഇൻഷൂറൻസ് കമ്പനിയുടെ അപ്പീൽ. ‘ഈ അപകടം സംഭവിച്ചത് 1993ലാണ്. ഈ അമ്മക്ക് 24 വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്നത് അൽപ്പം അതിരുകടന്നതായിപ്പോയി. അവർ ഇപ്പോഴും അതിന് നിവൃത്തി തേടി കാത്തിരിക്കുന്നു. ഈ അപ്പീൽ കാരണം അവർക്ക് എന്ത് പരിഹാരമാണോ ട്രൈബ്യൂണൽ വിധിച്ചത് അത് വൈകുകയാണുണ്ടായത്... ’ ജഡ്ജി വ്യക്തമാക്കി.
ഇൻഷൂറൻസ് കമ്പനിയുടെ വാദം ഒരു പൗരൻ്റെ ജീവനുള്ള വില അവഗണിക്കുന്നതാണെന്നും മകൻ അവൻ്റെ രക്ഷിതാക്കൾക്ക് നൽകേണ്ട താങ്ങ് വിലമതിക്കാനാകാത്തതാണെന്നും ജസ്റ്റിസ് എൻ. സേശസായി വ്യക്തമാക്കി. സ്റ്റേറ്റ് ട്രാൻസ്പോർട് കോർപ്പറേഷൻ്റെ ബസുമായി ലോറി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു ഹരജിക്കാരിക്ക് മകൻ നഷ്ടപ്പെട്ടത്. മോട്ടോർ വാഹന ട്രൈബ്യൂണലിൽ സമീപിക്കുന്നതിന് പകരം അമ്മ തൊഴിലാളി നഷ്ടപരിഹാര ആക്ട് പ്രകാരമാണ് നഷ്ടപരിഹാരത്തിനായി സമീപിച്ചത്. ഇത് കോടതി തള്ളുകയായിരുന്നു.
അപ്പീൽ സമർപ്പിക്കുന്നതിന് പകരം അവർ മോട്ടോർ വാഹന അപകട നഷ്ട പരിഹാര ട്രൈബ്യൂണലിൽ അഞ്ച് ലക്ഷം ആവശ്യപ്പെട്ട് പുതിയ അപേക്ഷ നൽകി. ലോറിയുടെ ഇൻഷൂറൻസ് കമ്പനിയായ നാഷനൽ ഇൻഷൂറൻസ് കമ്പനി ഇതിനെ എതിർത്തു. തൊഴിലാളി നഷ്ടപരിഹാര ആക്ട് പ്രകാരം നൽകിയ അപേക്ഷയുണ്ടായിരിക്കെ ഇത് വഹിക്കാനാകില്ല എന്നായിരുന്നു ഇൻഷൂറൻസ് കമ്പനിയുടെ വാദം. എന്നാൽ വാദം തള്ളിയ ട്രൈബ്യൂണൽ 3.47 ലക്ഷം രൂപ നൽകാൻ വിധിച്ചു. ഇതെ തുടർന്നാണ് ഇൻഷൂറൻസ് കമ്പനി മദ്രാസ് ഹൈക്കോടതിയിൽ അപ്പീലുമായി എത്തിയത്. ഇത് തള്ളിയാണ് കോടതി അമ്മയോട് ക്ഷമാപണം നടത്തിയത്.
