ദോഹ: ചൂട് വർധിച്ചതോടെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയ്ക്കായി കൂടുതൽ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ഖത്തറിലെ തൊഴിൽ സുരക്ഷാ വകുപ്പ് തൊഴിലുടമകൾക്ക് നിർദേശം നൽകി. രാജ്യത്ത് പകൽ സമയങ്ങളിലെ താപനില അടുത്ത മാസം അവസാനത്തോടെ 45 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമെന്നാണ് സൂചന.

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ വർഷം ചൂട് കൂടുതൽ ശക്തിപ്പെടുമെന്നാണ് സൂചന. അസ്ഥിര കാലാവസ്ഥയെ തുടർന്ന് ഇത്തവണ മാർച്ച് അവസാനം വരെ തണുപ്പ് നീണ്ടു നിന്നെങ്കിലും ഏപ്രിൽ രണ്ടാം പകുതിയോടെ ചൂടിനു തീവ്രത കൂടി വരികയാണ്. മെയ് അവസാനം റംസാൻ ആരംഭിക്കുന്നതോടെ ചൂട് അതിന്‍റെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഈ സാഹചര്യത്തിലാണ് പുറം സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ചൂടിൽ നിന്നും രക്ഷ നേടാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് തൊഴിൽ സുരക്ഷാ വകുപ്പ് തൊഴിലുടമകളോട് ആവശ്യപ്പെട്ടത്. ഇടവേളകളിലും ഭക്ഷണ സമയത്തും കഴിയുന്നതും എ.സീ മുറികൾ സജ്ജീകരിക്കുക. നേരിട്ട് സൂര്യ പ്രകാശം ഏൽക്കുന്ന രീതിയിലുള്ള ജോലികൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക, തണുപ്പിച്ച കുടിവെള്ളം സജ്ജീകരിക്കുക, ചൂട് കൂടുന്ന മാസങ്ങളിൽ ഓരോ മണിക്കൂറിലും 15 മിനിട്ടു വീതം ഇടവേള അനുവദിക്കുക.

 പൊടി ഉയരുന്ന സ്ഥലങ്ങളിൽ വെള്ളം തളിച്ച് ശമിപ്പിക്കുക, പൊടിയെ തടുക്കാൻ അയഞ്ഞ തുണി, മുഖം മൂടി എന്നിവ നൽകുക എന്നീ നിർദേശങ്ങളാണ് അധികൃതർ തൊഴിലുടമകൾക്ക് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ തൊഴിലിടങ്ങളിൽ പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു.