തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രസവശേഷം യുവതി പനി മൂലം മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമെന്ന് പരാതി. പാലക്കാട് സ്വദേശിയായ പങ്കജമാണ് മരിച്ചത്.
പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ പങ്കജം ഒരാഴ്ച മുമ്പ് തൃശൂര്‍ ജില്ലാ ആശുപത്രിയിലാണ് പ്രസവിച്ചത്. നവജാതശിശുവിന് ആരോഗ്യം മോശമായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍ അമ്മയ്ക്ക് കിടക്കാൻ ആശുപത്രി അധികൃതര്‍ നല്‍കിയത് വരാന്തയാണ്. പ്രസവിച്ച് രണ്ടു ദിവസം മാത്രമായ യുവതിയ്ക്ക് ഇതോടെ പനി ബാധിച്ചു. പനി കൂടി യുവതി മരിച്ചത് അധികൃതരുടെ അനാസ്ഥയാണെനനാണ് ബന്ധുക്കളുടെ പരാതി. പനി ബാധിച്ച വിവരം അറിഞ്ഞയുടൻ യുവതിയ്ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
