
ഒറ്റപ്പാലം സ്വദേശി മാധവന്‍ വീട്ടുകാരുപേക്ഷിച്ചതിനെത്തുടര്‍ന്ന് ഗുരുവായൂരെത്തി. വീണ് പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടിയിട്ട് ഒരുമാസത്തിലേറെയായി. ആശുപത്രി വിടേണ്ട സമയം കഴിഞ്ഞിട്ടും ഏറ്റെടുക്കാന്‍ ആരുമെത്താത്തതിനാല്‍ ഇവിടെ തുടരുകയാണ് മാധവന്‍. ആകെയുണ്ടായിരുന്ന അറുപത് സെന്‍റ് സ്ഥലം അവശകാലത്ത് നോക്കാമെന്ന ഉറപ്പില്‍ മരുമകന്‍ എഴുതി വാങ്ങി. പട്ടിയ്ക്ക് നല്‍കും പോലെ ഭക്ഷണം നല്‍കി. വീടുവിട്ട് ഗുരുവായൂരെത്തി. അപകടം സംഭവിച്ചാണ് മെഡിക്കല്‍ കോളെജിലുമെത്തിയതെന്ന് മാധവന്‍ പറയുന്നു. മാധവനെപ്പോലെ ഇരുപതിലധികം നിരാശ്രയരാണ് മെഡിക്കല്‍ കോളെജിലെ വിവിധ വാര്‍ഡുകളില്‍ തുടരുന്നത്. സന്നദ്ധ പ്രവര്‍ത്തകരും ആശുപത്രി അധികൃതരും പലകുറി ബന്ധുക്കളെ ബന്ധപ്പെട്ടിട്ടും ആര്‍ക്കും ഇവരെ വേണ്ട. മാധവന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു. ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു.
പ്രതിദിനം മൂവായിരത്തിലധികം പുതിയ രോഗികളെത്തുന്ന മെഡിക്കല്‍ കോളെജില്‍ ഇവരെ എത്രനാള്‍ ഇങ്ങനെ പാര്‍പ്പിക്കാനാവുമെന്നതിന് മെഡിക്കല്‍ കോളേജിനും ഉത്തരമില്ല. ഏഴാം വാര്‍ഡില്‍ ഒരുമാസത്തിലേറെയായി ഈ മുത്തശ്ശനുണ്ട്. ആശുപത്രിയ്ക്കുമറിയില്ല ഇതാരെന്ന്. അടുത്തെത്തുന്നവരോട് ഈ മനുഷ്യന്‍ പറയാന്‍ ശ്രമിക്കുന്നത് കേള്‍ക്കുക- 'കൊക്കാലയില്‍ (തൃശൂര്‍ നഗരത്തിനടുത്ത്) ആയിരുന്നു. വണ്ടിയില്‍ കൊണ്ടുവന്ന് ഇവിടെയാക്കിപ്പോയി'. ഈ ജീവിതങ്ങള്‍ കാണണം. വേദന അറിയണം. പരിഹാരമുണ്ടാകണം.
നടപടിയെടുക്കുമെന്ന് സാമൂഹ്യക്ഷേമമന്ത്രി കെ കെ ശൈലജ
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗികളെ ഉപേക്ഷിച്ച സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സാമൂഹ്യക്ഷേമമന്ത്രി കെ കെ ശൈലജ. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യഭ്യാസ ഡയറക്ടറോടും ജില്ലാ കളക്ടറോടും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ക്കായി ഒരു സമഗ്ര ആരോഗ്യനയം സര്‍ക്കാര്‍ കൊണ്ടുവരുമെന്നും കെ കെ ശൈലജ തിരുവന്തപുരത്ത് പറഞ്ഞു.
