ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ പലിശക്കാരന്‍റെ ഭീഷണിയെ തുടര്‍ന്ന് ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട്
കോഴിക്കോട്: വടകരയിൽ കടക്കെണിയെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമക്കെതിരെ ബന്ധുക്കൾ. അമിത പലിശ ആവശ്യപ്പെട്ട് സ്ഥാപന ഉടമ, സതീശനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരീപുത്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സതീശന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി.
കഴിഞ്ഞ ദിവസമാണ് വടകര കുട്ടോത്ത് സ്വദേശി സതീശൻ ആത്മഹത്യ ചെയ്തത്. വടകരയിൽ സ്വകാര്യ വ്യക്തിയുടെ കടമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് സതീശനെ കണ്ടെത്തിയത്. വടകര സ്വദേശിയായ സുരേഷ് കുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള പൊൻസി എന്ന പണമിടപാട് സ്ഥാപനത്തിൽ നിന്ന് സതീശൻ മുമ്പ് 50000 രൂപ വായ്പയെടുത്തിരുന്നു. പണം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട സുരേഷ്കുമാർ സതീശനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
6000 രൂപ മാത്രം ബാക്കി ഉള്ളപ്പോൾ പലിശസഹിതം 60000 രൂപ സുരേഷ്കുമാർ സതീശനോട് ആവശ്യപ്പെട്ടുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്നുള്ള മാനസിക സമ്മർദ്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സതീശന്റെ സഹോദരി പുത്രൻ ഏഷ്യനെറ്ന്യൂസിനോട് പറഞ്ഞു. സതീശന്റെ ആത്മഹത്യ കുറിപ്പിൽ സുരേഷ്കുമാർ ഭീഷണിപ്പെടുത്തിയതായി പറയുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
സതീശന്റെ ഭാര്യയുടെ പേരിലുള്ള 2 ബ്ലാങ്ക് ചെക്കുകൾ സുരേഷ്കുമാറിന്റെ കൈവശം ഉണ്ടായിരുന്നു. കൊള്ളാപ്പലിശക്കാരുടെ സാനിധ്യം കുറവുള്ള മേഖലയായ വടകരയിലും കൊള്ളപ്പലിശക്കാര് സജീവമാകുന്ന സാഹചര്യം നാട്ടുകാർ ആശങ്കയോടെയാണ് കാണുന്നത്. സതീശനെ ഭീഷണിപ്പെടുത്തിയ സുരേഷ് കുമാറിനെതിരെ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം സുരേഷ്കുമാറിനെ ചോദ്യം ചെയ്തുവെന്നും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ എടുക്കുമെന്നും പോലീസ് അറിയിച്ചു
