പിണറായി കൂട്ടക്കൊലക്കേസിൽ തുടരന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും. സൗമ്യയുടെ ആത്മഹത്യാ കുറിപ്പിനെ അടിസ്ഥാനമാക്കി അന്വേഷിക്കണം വേണമെന്ന് ആവശ്യം.

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിൽ തുടരന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും. സൗമ്യയുടെ ആത്മഹത്യാ കുറിപ്പിനെ അടിസ്ഥാനമാക്കി അന്വേഷിക്കണം വേണമെന്ന് ആവശ്യം.

സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കൊലപാതകങ്ങളിൽ സൗമ്യയെ സഹായിച്ചവരെ കണ്ടെത്തണമെന്നും തുടരന്വേഷണം നടന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുകള്‍ പറഞ്ഞു.

കണ്ണൂർ വനിതാ ജയിലിലെ ഡയറി ഫാമിന് സമീപമുള്ള മരത്തിലാണ് സൗമ്യയെ കഴിഞ്ഞ മാസം 24ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം കുടുംബത്തെയാകെ കൊല ചെയ്തുവെന്ന കുറ്റത്തിനാണ് കണ്ണൂര്‍ പിണറായി സ്വദേശി സൗമ്യ ജയിലിലെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അച്ഛനെയും അമ്മയെയും മകളെയും വിഷം കൊടുത്ത് കൊന്നുവെന്നതായിരുന്നു കേസ്.

എന്നാല്‍ സൗമ്യയുടെ മരണശേഷം ജയിലില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ താന്‍ ആരെയും കൊന്നിട്ടില്ലെന്നാണ് സൗമ്യ എഴുതിയിരിക്കുന്നത്. 'ഞാന്‍ ആരെയും കൊന്നിട്ടില്ല. വീട്ടുകാര്‍ ഒറ്റപ്പെടുത്തിയ വലിയ മാനസിക സംഘര്‍ഷം ഞാനനുഭവിക്കുന്നു. എന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളല്ല. ശ്രീയെ ഞാനൊരുപാട് സ്‌നേഹിച്ചിരുന്നു'- എന്നായിരുന്നു കുറിപ്പ്. 

2012 സെപ്റ്റംബര്‍ 7ന് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന, ഇക്കൊല്ലം ജനുവരി 21ന് മൂത്ത മകള്‍ ഐശ്വര്യ, മാര്‍ച്ച് 7ന് അമ്മ കമല, ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്നായിരുന്നു എല്ലാവരുടെയും മരണം. ഇതില്‍ ഇളയ മകള്‍ കീര്‍ത്തനയുടെ മരണം സ്വാഭാവികമാണെന്നാണ് സൗമ്യ പറഞ്ഞത്. മറ്റുള്ളവരെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തിരുന്നു.