തൃശുര്‍: മതം മാറിയ വൃദ്ധന്റെ മൃതദേഹം തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കരിക്കാനാവാതെ രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കാര ഇലഞ്ഞിക്കല്‍ ഇ.സി. സൈമണ്‍ എന്ന മുഹമ്മദി(86)ന്റെ മൃതദേഹമാണ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. 

ക്രിസ്തു മതവിശ്വാസിയായിരുന്ന സൈമണ്‍ 2000 ഓഗസ്റ്റ് 18 ന് ഇസ്ലാം മത വിശ്വാസം സ്വീകരിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്‌കൂളില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം കോണത്തുകുന്ന് ജി.എല്‍.പി. സ്‌കൂളിലെ പ്രധാന അധ്യാപകനായാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ദീര്‍ഘനാളായി കിടപ്പിലായിരുന്നു. കഴിഞ്ഞ 27 ന് കൊടുങ്ങല്ലൂര്‍ ഗൗരിശങ്കര്‍ ആശുപത്രിയിലാണ് മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം മെഡി.കോളജിന് കൈമാറി.

മൃതദേഹം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുക്കണമെന്ന് അദ്ദേഹം അന്ത്യാഭിലാഷമായി അറിയിച്ചിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈ വിവരമറിഞ്ഞ് ചിലര്‍ രംഗത്ത് വന്നതോടെയാണ് തര്‍ക്കമായത്. പരേതന്‍ ഇസ്ലാം മത വിശ്വാസിയായിരുന്നെന്നും മതാചാരപ്രകാരം കബറടക്കം നടത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളാണ് രംഗത്തെത്തിയത്. വ്യാജ കത്തുണ്ടാക്കി അദ്ദേഹത്തിന്റെ വിരലടയാളം പതിച്ച് മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം വിട്ടുകൊടുക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. 

മെഡിക്കല്‍ കോളജിന് മൃതദേഹം വിട്ടുകൊടുത്ത നടപടിക്കെതിരേ ആര്‍.ഡി.ഒയ്ക്കും പരാതി നല്‍കി. കൊടുങ്ങല്ലൂര്‍ കോതപറമ്പ് മുലക്കപ്പറമ്പില്‍ ഷെമീര്‍, എടവിലങ്ങ് പടിയത്ത് കലംങ്കഴത്ത് വീട്ടില്‍ പി.എം. അന്‍സില്‍, കൊടുങ്ങല്ലൂര്‍ കൂളിമുട്ടം പുനിലത്ത് വീട്ടില്‍ പി.എം. സലീം എന്നിവരാണ് പരാതി നല്‍കിയത്. 

ഇസ്‌ലാം മതം സ്വീകരിച്ച സൈമണ്‍ കാതിയാളം മഹല്ല് ജമാഅത്ത് പള്ളിയിലെ അംഗമാണെന്ന് കാണിച്ചാണ് പരാതി. ഇദ്ദേഹത്തിന്റേതെന്ന പേരില്‍ ഓഡിയോ സന്ദേശമുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ഇതോടെ തര്‍ക്കം പരിഹരിച്ചശേഷം എന്തുവേണമെന്ന് തീരുമാനിക്കാമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ നിലപാടെടുത്തു. വിഷയം കോടതിയുടെ മുന്നിലുമെത്തി. കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മതം മാറിയ ശേഷം സൈമണ്‍ വര്‍ഷങ്ങളോളം ഇസ്ലാമിക പ്രബോധന രംഗത്ത് സജീവമായിരുന്നു. ഇസ്ലാമിക് പബ്ലിഷിങ് ഹൗസു (ഐ.പി.എച്ച്.)മായി ബന്ധപ്പെട്ട് നിരവധി ക്രൈസ്തവ, ഇസ്ലാമിക താരതമ്യ പഠന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.