ക്രിസ്തുവിനു വേണ്ടി പീഡകൾ സഹിക്കാൻ സാധിച്ചു എന്നാണ് ജയിൽ മോചിതർ ആയ കന്യാസ്ത്രീകൾ ആദ്യം പറഞ്ഞത്.
തൃശ്ശൂർ: നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചെന്നും കേട്ടുകേൾവിയില്ലാത്ത കാര്യമെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് മദർ ജനറൽ ഇസബൽ ഫ്രാൻസിസ് ഏഷ്യാനെറ്റ് ന്യൂസിനോട്. മതപരിവർത്തമവും മനുഷ്യക്കടത്തും ചിന്തയിൽ പോലുമില്ലെന്നും മദർ ജനറൽ കൂട്ടിച്ചേർത്തു. കിരാത നിയമങ്ങൾ ഇനിയും ഉണ്ടാകരുത്. ക്രിസ്തുവിനു വേണ്ടി പീഡകൾ സഹിക്കാൻ സാധിച്ചു എന്നാണ് ജയിൽ മോചിതർ ആയ കന്യാസ്ത്രീകൾ ആദ്യം പറഞ്ഞത്. ജയിലിൽ കന്യാസ്ത്രീകൾക്ക് വൈദ്യസഹായം കിട്ടി അതിൽ അവർ സംതൃപ്തരാണ്. ഛത്തീസ്ഗഡിലെ ദില്ലി രാജാറായ്യിലെ മഠത്തോട് ചേർന്ന് ആശുപത്രിയിൽ കന്യാസ്ത്രീകളെ കൊണ്ടുപോയി ചികിത്സിക്കുമെന്നും മദർ ജനറൽ അറിയിച്ചു.
40 ലധികം സിസ്റ്റേഴ്സ് ഛത്തീസ്ഗഡിൽ പ്രേക്ഷിത പ്രവർത്തിയിൽ ഏർപ്പെടുന്നുണ്ട്. ഇത് ആദ്യമായിയാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. കന്യാസ്ത്രീകളെ ജയിലിൽ ഇടുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കന്യാസ്ത്രീകളോടും ഒപ്പം ഉണ്ടായിരുന്ന കുട്ടിയോടും പോലീസ് ക്രൂരമായാണ് പെരുമാറിയതെന്നും മദർ ജനറൽ ഇസബൽ ഫ്രാൻസിസ് പറഞ്ഞു. കന്യാസ്ത്രീകളെ ജയിലിലേക്ക് കൊണ്ടുപോയത് ഷോക്കായിരുന്നു എന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
