സംസ്ഥാനത്തെ പ്രധാന റെയിൽവെ സ്റ്റേഷനായ മുഗൾ സാരായി മുതൽ പല ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും പേര് മാറ്റൽ ലിസ്റ്റിലുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത.

ലക്നൗ: അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റുന്നതിനെ പിന്തുണച്ചുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടിന് പിന്നാലെ മുസാഫര്‍നഗറിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി ബജ്റംഗ്ദൾ അടക്കമുള്ള ഹിന്ദു സംഘടനകൾ. സംസ്ഥാനത്തെ പ്രധാന റെയിൽവെ സ്റ്റേഷനായ മുഗൾ സാരായി മുതൽ പല ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും പേര് മാറ്റൽ ലിസ്റ്റിലുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത.

ലക്ഷ്മിനഗർ എന്നറിയപ്പെട്ടിരുന്ന നഗരം മുഗൾ ഭരണാധികാരികളാണ് മുസാഫർനഗർ എന്നാക്കി മാറ്റിയത്. പേര് നിർദ്ദേശിക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ കൊല്ലം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചിരുന്നതായി മുസാഫർനഗർ ബിജെപി എംഎൽഎ കപിൽദേവ് അഗർവാൾ പറഞ്ഞു.

"ഇത് പുതുതായി ഉന്നയിക്കുന്ന ആവശ്യമൊന്നുമല്ല. 1983 ൽ വിശ്വ ഹിന്ദു പരിഷത്ത് മുസാഫർ നഗറിൽ ഒരു യജ്ഞം നടത്തുകയും പേര് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് മുഗൾ ഭരണമല്ല, പിന്നെ അവരുടെ പാരമ്പര്യം നിലനിർത്തുന്നതിന് എന്തിനാണ്?"- അഗർവാൾ കൂട്ടിച്ചേർത്തു.

ഇതുകൂടാതെ 2000 വർഷങ്ങൾക്ക് മുമ്പ് ലക്ഷ്മി നഗർ എന്നായിരുന്നു സ്ഥലത്തിന്റെ പേര്. ജില്ലയ്ക്ക് ആ പേര് തന്നെ നാമനിർ‌ദ്ദേശം നൽകുന്നതിനായി വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബജ്റംഗ്ദൾ ജില്ലാ കൺവീനർ അങ്കുർ രാണ പറഞ്ഞു. അതേസമയം, ജില്ലയുടെ യഥാർത്ഥ പേര് സംബന്ധിച്ചുള്ള വിവരങ്ങളെക്കുറിച്ച് അറിയില്ലെന്ന് മുസാഫർനഗർ എസ്ഡി ഡിഗ്രി കോളേജ് ചരിത്ര വിഭാഗം തലവൻ വ്യക്തമാക്കി.

ജില്ലയിൽ സംഘടിപ്പിക്കുന്ന ബജ്റംഗ്ദളിന്റെ പൊതുപരിപാടികളിലെ ബാനറുകളിൽ മുസാഫർനഗറിന് പകരം ലക്ഷ്മിനഗർ എന്നാണ് വയ്ക്കാറുള്ളത്. പേര് മാറ്റൽ സംബന്ധിച്ച് ജില്ലയിലെ പലയിടങ്ങളിലായി ചർ‌ച്ചകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുകയാണ് ഹിന്ദു സംഘടനകൾ.