പേരുമാറ്റം ആശയപരമായി തന്നെ തെറ്റാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പേരു മാറ്റണമെങ്കിൽ ശാസ്ത്രീയ കൃത്യതയുള്ള പേരുകളിലേക്ക് മാറണമെന്നും സംഘടന കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മാനസികാരോ​ഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം അം​ഗീകരിക്കാനാകില്ലെന്ന് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം. പേരുമാറ്റം ക്ലിനിക്കൽ അന്ധതയെന്നാണ് സംഘടനയുടെ പ്രതികരണം. മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ പേരുമാറ്റം പ്രശ്നം പരിഹരിക്കില്ല. പഴയ കെട്ടിടങ്ങളും ജീവനക്കാരുടെ കുറവുമാണ് പലയിടത്തുമുള്ളത്. പേരുമാറ്റം ആശയപരമായി തന്നെ തെറ്റാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

പേരു മാറ്റണമെങ്കിൽ ശാസ്ത്രീയ കൃത്യതയുള്ള പേരുകളിലേക്ക് മാറണമെന്നും സംഘടന കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇനി മുതൽ മാനസിക ആരോഗ്യ കേന്ദ്രങ്ങളെ, ഹാപ്പിനെസ്സ് ആൻഡ് വെൽനെസ് സെന്റർ എന്നറിയപ്പെടുമെന്നാണ് മന്ത്രി അറിയിച്ചത്.

അതേ സമയം, സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മരുന്ന് നൽകി രോഗികളെ ഉറക്കിക്കിടത്തുകയല്ല വേണ്ടത്. മനുഷ്യാവകാശ ലംഘനം തുടരുന്നത് ലജ്ജാകരമെന്നും കോടതി വ്യക്തമാക്കി.

ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മതിയായ ജീവനക്കാരെ നിയമിക്കണം. ചുറ്റുമതിൽ കൃത്യമായി കെട്ടണമെന്നും ആവശ്യത്തിന് മരുന്നുകൾ ഉറപ്പാക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി. മാനസിക ആരോഗ്യ കേന്ദ്രങ്ങൾ വെൽനെസ്സ് സെന്ററുകളാക്കാനുള്ള സർക്കാർ തീരുമാനം കോടതി സ്വാഗതം ചെയ്തു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming