കോഴിക്കോട്: നഗരവാസികള്‍ക്ക് പ്രിയപ്പെട്ട മിഠായിതെരുവിന് ഇനി പുതുമോടി. നവീകരിച്ച മിഠായിതെരുവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വഹിക്കും. മാനാഞ്ചിറ സ്‌ക്വയറില്‍ വച്ചു നടക്കുന്ന ഉദ്ഘാടന ചടങ്ങുകളില്‍ ടൂറിസം മന്ത്രി കടകംപ്പളി സുരേന്ദ്രന്‍ അധ്യക്ഷനാവും. വളരെ അപൂര്‍വമായി മാത്രമാണ് മാനാഞ്ചിറയില്‍ പൊതുപരിപാടികള്‍ നടക്കാറുള്ളത്. 

അടിക്കടിയുണ്ടാവുന്ന അഗ്നിബാധകളില്‍ മോചനം ലക്ഷ്യമാക്കി എല്ലാ കടകളിലും അഗ്നിരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് മിഠായിതെരുവിന്റെ നവീകരണപ്രവര്‍ത്തനങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടന്നത്. 

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു തെരുവിന്റെ നവീകരണ ചുമതല. വെദ്യുതി-ടെലിഫോണ്‍ ലൈനുകള്‍ ഭൂമിക്കടിയിലേക്ക് മാറ്റി ടൈലുകള്‍ പാകി മനോഹരമാക്കിയ ശേഷം അലങ്കാരവിളക്കുകള്‍ കൂടി തൂക്കിയാണ് മിഠായിതെരുവിന്റെ മുഖം മാറ്റിയിരിക്കുന്നത്. ഏറെക്കാലമായി ഫയലുകളില്‍ ഉറങ്ങികിടക്കുകയായിരുന്ന മിഠായിതെരുവ് നവീകരണം യഥാര്‍ത്ഥ്യമായതില്‍ നിര്‍ണായക പങ്കുവഹിച്ചത് കളക്ടര്‍ യു.വി.ജോസാണ്.

അതേസമയം പദ്ധതിയെ തുടക്കം തൊട്ട് എതിര്‍ത്തിരുന്ന തെരുവിലെ വ്യാപാരികള്‍ അവസാനഘട്ടത്തിലും വിയോജിപ്പുമായി രംഗത്തുണ്ട്. തെരുവിലൂടെ ഗതാഗതം നിരോധിക്കുന്നതിലാണ് ഇവരുടെ പ്രതിഷേധം.