അധികാരപരിധിക്ക് പുറത്തുളള മേഖലയില്‍ സോമനാഥന്‍ ഇടപെട്ടു.   

വയനാട്: മിച്ചഭൂമി മറിച്ചു വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍ ടി. സോമനാഥനെതിരെ വയനാട് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അധികാരപരിധിക്ക് പുറത്തുളള മേഖലയില്‍ സോമനാഥന്‍ ഇടപെട്ടു. 

ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടിനെ കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . പ്രാഥമിക റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ചു. 

അതേസമയം, വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഏഷ്യനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തു വിട്ട് രണ്ട് മണിക്കൂര്‍ തികയും മുന്‍പാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്. 

സുല്‍ത്താന്‍ബത്തേരി കേരളത്തെ വിറ്റുകാശാക്കുന്ന ഭൂമാഫിയയെ തുറന്നു കാണിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്‍റെ എക്സ്ക്ലൂസീവ് സ്റ്റോറി. വയനാട് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, വയനാട് ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്ക് നേരിട്ട് പങ്കുള്ള ഭൂമിയിടപാടിന്‍റെ വിവരങ്ങളാണ് ഏഷ്യനെറ്റ് ന്യൂസിന്‍റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത്.