ഇവിടെയുള്ള 14 കുടുംബങ്ങളെയും ക്യാമ്പിലെത്തിച്ചെങ്കിലും ക്യാമ്പ് ഇന്ന് അധികൃതര്‍ അവസാനിപ്പിക്കുകയായിരുന്നു. വെറു മൂന്ന് ദിവസമാണ് ക്യാമ്പ് പ്രവര്‍ത്തിച്ചത്. അതേ സമയം വെള്ളക്കെട്ടിനടുത്ത് സ്ഥിതി ചെയ്യുന്ന കോളനിയുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്.
കല്‍പ്പറ്റ: വെള്ളമിറങ്ങുന്നതിന് മുമ്പ് ദുരിതാശ്വാസ ക്യാമ്പ് ഒഴിപ്പിച്ച് നെന്‍മേനി പഞ്ചായത്ത്. ആദിവാസി കുടുംബങ്ങളെ അടക്കം മാറ്റിപ്പാര്‍പ്പിച്ചിരുന്ന കുന്താണി ഗവ. എല്‍.പി സ്‌കൂളിലെ ക്യാമ്പാണ് പഞ്ചായത്ത് അധികൃതര്‍ തിടുക്കത്തില്‍ അവസാനിപ്പിച്ചത്. പ്രദേശത്തെ തോട് വഴി മാറി ഒഴുകിയതിനെ തുടര്‍ന്ന് കുനിപ്പുര കോളനിയിലെ കുടുംബങ്ങളായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്. സുല്‍ത്താന്‍ബത്തേരിക്കടുത്ത് അമ്മായിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന പഴം പച്ചക്കറി മാര്‍ക്കറ്റിന്റെ വലിയ മതില്‍ തകര്‍ന്ന് വീണ് തോട് ഗതിമാറി ഒഴുകി കോളനി വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
ഇവിടെയുള്ള 14 കുടുംബങ്ങളെയും ക്യാമ്പിലെത്തിച്ചെങ്കിലും ക്യാമ്പ് ഇന്ന് അധികൃതര്‍ അവസാനിപ്പിക്കുകയായിരുന്നു. വെറു മൂന്ന് ദിവസമാണ് ക്യാമ്പ് പ്രവര്‍ത്തിച്ചത്. അതേ സമയം വെള്ളക്കെട്ടിനടുത്ത് സ്ഥിതി ചെയ്യുന്ന കോളനിയുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. പത്ത് സെന്റോളം സ്ഥലത്ത് നിറയെ വീടുകളാണ്. വെള്ളക്കെട്ട് കാരണം കോളനിയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ശൗചാലയ സൗകര്യങ്ങളില്ല. കുടിവെള്ളവും മലിനമായിട്ടുണ്ടെന്ന് പരസിരവാസികള്‍ പറയുന്നു.
വീടുകള്‍ക്കുള്ളിലെ വെള്ളമിറങ്ങിയെങ്കിലും ചുറ്റിലും ചെളികെട്ടി കിടക്കുകയാണ്. മഴ കുറയാത്ത സാഹചര്യത്തില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ സാധ്യതയേറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. കാര്യമന്വേഷിച്ചപ്പോള്‍ കുടുംബങ്ങള്‍ക്ക് ക്യമ്പില്‍ കഴിയുന്നതിന് താല്‍പ്പര്യമില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എത്ര ദിവസം വേണമെങ്കിലും ക്യാമ്പ് കൊണ്ടുപോകുന്നതിന് തടസമില്ലെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് അംഗം സത്താര്‍ പറഞ്ഞു.
ക്യാമ്പ് പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇവര്‍ക്കുള്ള അരിയും മറ്റും കിറ്റുകളിലാക്കി കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കഷ്ടിച്ച് നാലോ അഞ്ചോ ദിവസങ്ങള്‍ മാത്രമെ ഇത് തികയൂ. ഈ മേഖലയിലെ തോട്ടങ്ങളിലും മറ്റും കൂലിപ്പണിയെടുത്താണ് കോളനികളിലെ മിക്കവരും കഴിയുന്നത്. എന്നാല്‍ തോട്ടങ്ങളെല്ലാം വെള്ളം മുങ്ങിയത് കാരണം തൊഴിലെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ തിടുക്കത്തില്‍ ക്യാമ്പ് അവസാനിപ്പിക്കേണ്ടതില്ലായിരുന്നുവെന്ന ആശങ്ക ചില കുടുംബങ്ങള്‍ തന്നെ പങ്കുവെച്ചു.
