പുറംകടലിൽ കുടുങ്ങിയവരെ രക്ഷിക്കാന്‍ ചാര്‍ളി 404 പുറപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ നിന്ന് മീൻ പിടിക്കാൻ പോയി പുറംകടലിൽ കുടുങ്ങിയ ബോട്ടിലുള്ളവരുടെ രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡിന്റെ കപ്പൽ ചാർളി 404 പുറപ്പെട്ടു. തിക്കോടി കടപ്പുറത്ത് നിന്നും മൂന്നര നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കുടുങ്ങിയിരിക്കുന്നത്. 

പത്ത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. പ്രതികൂലകാലാവസ്ഥയാണ് രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണം. അതേസമയം ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും. 12 മുതൽ 20 സെ.മീ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. 

ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ കൺട്രോൾ റൂമുകൾ തുറക്കാൻ കളക്ടർമാർക്ക് ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ശക്തമായ കാറ്റുണ്ടാകുമെന്നതിനാൽ മത്സ്യ തൊഴിലാളികൾക്കുള്ള ജാഗ്രതാനിർദ്ദേശവും തുടരുകയാണ്.