ദുരന്തത്തില്‍ അകപ്പെട്ട ആയിരങ്ങളെ സുരക്ഷിതമായി കരയ്ക്കെത്തിച്ച മല്‍സ്യത്തൊഴിലാളികള്‍ ചെങ്ങന്നൂരില്‍ നിന്ന് മടങ്ങി. പലരുടെയും ബോട്ടുകൾ തകരുകയോ കാര്യമായ തകരാറുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 


ചെങ്ങന്നൂര്‍:വെള്ളപ്പൊക്കം ദുരിതത്തിലാക്കിയ ചെങ്ങന്നൂര്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജ്ജിതമായിരുന്ന രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കും. ഒറ്റപ്പെട്ട വീടുകളില്‍ കഴിയുന്നവര്‍ക്കുള്ള വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇന്നും പുരോഗമിക്കുകയാണ്. 

കര നാവിക വ്യോമ സേനകളും ഹെലികോപ്റ്ററുകളും ഇപ്പോഴും ചെങ്ങന്നൂരിലുണ്ട്. ദുരന്തത്തില്‍ അകപ്പെട്ട ആയിരങ്ങളെ സുരക്ഷിതമായി കരയ്ക്കെത്തിച്ച മല്‍സ്യത്തൊഴിലാളികള്‍ ചെങ്ങന്നൂരില്‍ നിന്ന് മടങ്ങി. പലരുടെയും ബോട്ടുകൾ തകരുകയോ കാര്യമായ തകരാറുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വരാന്‍ കൂട്ടാതെ വീടുകളുടെ രണ്ടാം നിലയില്‍ അഭയം പ്രാപിച്ചവര്‍‍ക്ക് വേണ്ട വെള്ളവും ഭക്ഷണവും ഇപ്പോഴും എത്തിക്കുന്നുണ്ട്. വെള്ളം പൂര്‍ണ്ണമായി ഒഴിഞ്ഞ വീടുകളിലുള്ളവര്‍ പുറത്തുപോയി ആഹാര സാധനങ്ങള്‍ വാങ്ങിച്ച് തുടങ്ങിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ ഇപ്പോള്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സര്‍ക്കാരും ദുരിതാശ്വാസ പ്രവര്‍ത്തകരും. 

വെള്ളമിറങ്ങിത്തുടങ്ങിയതോടെ പകര്‍ച്ച വ്യാധി പിടിപെടുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. വീട് വൃത്തിയാക്കി ക്ലോറിനേഷന്‍ നടത്താതെ വീടുകളിലേക്ക് തിരിച്ച് പോകരുതെന്ന അഭ്യര്‍ത്ഥന പലരും മുഖവിലയ്ക്കെടുക്കുന്നില്ല. പാണ്ടനാട് അടക്കം വെള്ളം കുറ‍ഞ്ഞ വീടുകളിലേക്ക് ആളുകള്‍ പോയിത്തുടങ്ങി. കിണറുകളില്‍ നിറെയ മലിന ജലമാണ്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഫര്‍ണിച്ചറുകളും എല്ലാം നശിച്ചു. ദുരിന്തത്തില്‍ പെട്ടവര്‍ക്ക് കൗണ്‍സിലിംഗ് അടക്കം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണിപ്പോള്‍.