കാസര്‍കോഡ് ജില്ലയില്‍ റീ സര്‍വേ പൂര്‍ത്തിയായ 11 വില്ലേജുകളൊഴിച്ച് 117 വില്ലേജുകളിലാണ് റീ സര്‍വേ തുടങ്ങുന്നത്. റീ സര്‍വേയുടെ പ്രാഥമിക ജോലികളായ പഴയ റിക്കോര്‍ഡുകളുടെ സ്കാനിങ്ങും ട്രയാംഗുലേഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ട്രയാംഗുലേഷന്‍ ജോലികള്‍ പൂര്‍ത്തിയായ 10 വില്ലേജുകളില്‍ ജി.പി.എസ് ഒബസര്‍വേഷനുവേണ്ട സര്‍വേ കല്ലുകള്‍ നാട്ടുന്ന ജോലിയും പൂര്‍ത്തിയായി. ഹോസ്‍ദുര്‍ഗ് താലൂക്കിലെ ഹോസ്ദുര്‍ഗ്,അജാനൂര്‍, ചെറുവത്തൂര്‍, പിലിക്കോട്, മണിയാട്ട്, പള്ളിക്കര 1, പള്ളിക്കര 2, കീക്കാന്‍, ചിത്താരി, ഉദുമ എന്നിവിടങ്ങളിലായി 8571.62 ഹെക്ടര്‍ ഭൂമിയിലാണ് സര്‍വേ പൂര്‍ത്തിയാക്കേണ്ടത്.

ഒരു വില്ലേജില്‍ മൂന്ന് സര്‍വേ ടീം വീതം 10 വില്ലേജുകളിലായി 30 ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. കൈവശഭൂമി അളക്കുന്നതിനുമുമ്പ് തന്നെ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. റോഡ്, തോട്, റെയില്‍വേ, വനം, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി തുടങ്ങിയവ ഉള്‍പ്പെടെ 3750 കിലോമീറ്റര്‍ വരുന്ന പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തണം. ഇതിനു ശേഷമായിരിക്കും വിശദമായ സര്‍വേ തുടങ്ങുക. നാലുമുതല്‍ ആറുമാസം കൊണ്ട് ഈ പ്രദേശത്തെ റീ സര്‍വേ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇടുക്കി വില്ലജിലെ 29 വില്ലേജുകളിലെ സര്‍വേ ജോലികള്‍ ഫെബ്രുവരി മാസത്തിലാകും തുടങ്ങുക.