പശ്ചിമേഷ്യയിലെ ഇസ്രായേൽ-ഇറാൻ യുദ്ധസാഹചര്യം ടി20 ലോകകപ്പുമായി ബന്ധപ്പെട്ട യാത്രാപദ്ധതികളെ ബാധിച്ചതിനെത്തുടർന്ന്, താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാൻ ഐസിസി നടപടികൾ സ്വീകരിച്ചു. 

ദില്ലി: പശ്ചിമേഷ്യയിലെ കടുത്ത യുദ്ധ സാഹചര്യത്തെത്തുടര്‍ന്ന്, ടി20 ലോകകപ്പിലെ താരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. വ്യോമപാതകള്‍ തടസ്സപ്പെട്ടതോടെ യാത്ര സുഗമമാക്കാനാണ് ഐസിസിയുടെ ഈ നീക്കം. ശനിയാഴ്ച ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതോടെയാണ് മേഖലയില്‍ യുദ്ധം രൂക്ഷമായത്. ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. തെല്‍ അവീവ്, കുവൈറ്റ്, യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

ദുബായിലും അബുദാബിയിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായതിനാല്‍ കളിക്ക് നേരിട്ട് ഭീഷണിയില്ലെങ്കിലും, താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യാത്രാ പ്ലാനുകളെ ഇത് ബാധിക്കും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളും ഒഫീഷ്യലുകളും പ്രധാനമായും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ട്രാന്‍സിറ്റ് പോയിന്റായി ആശ്രയിക്കുന്നത്. ടൂര്‍ണമെന്റ് അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആര്‍ക്കും തടസ്സമുണ്ടാകാതിരിക്കാനാണ് ഐസിസി നടപടികള്‍ സ്വീകരരിച്ചത്.

ഇതര യാത്രാമാര്‍ഗങ്ങള്‍

ദുബായ് വഴിയുള്ള യാത്രയ്ക്ക് പകരം യൂറോപ്പ്, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വഴി യാത്ര ക്രമീകരിക്കും. യാത്രാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ ടീമുകളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. യാത്ര ചെയ്യുന്ന ആരാധകര്‍ വിദേശകാര്യ മന്ത്രാലയങ്ങളുടെയും വിമാനക്കമ്പനികളുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടു.

അവശേഷിക്കുന്ന മത്സരങ്ങള്‍

നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നിശ്ചയിച്ച പ്രകാരം തന്നെ തുടരും. വരാനിരിക്കുന്ന പ്രധാന മത്സരങ്ങള്‍ ഇവയാണ്: ദക്ഷിണാഫ്രിക്ക - സിംബാബ്വെ (ഡല്‍ഹി), ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് (കൊല്‍ക്കത്ത), സെ്മി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളാണ് ഇനി ലോകകപ്പില്‍ അവശേഷിക്കുന്നത്. ഓരോ വ്യക്തിയുടെയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. സുരക്ഷാ കണ്‍സള്‍ട്ടന്റുമാരുമായി ചേര്‍ന്ന് സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ടൂര്‍ണമെന്റ് സുഗമമായി പൂര്‍ത്തിയാക്കുമെന്നും ഐസിസി വക്താവ് അറിയിച്ചു.

YouTube video player