ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്ന് അടിയന്തര ഉത്തരവില്‍ ഡിജിപി. 

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വീണ്ടും അഴിച്ചു പണി തിരുവനന്തപുരം. ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലം മാറ്റിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അടിയന്തര ഉത്തരവിറക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്ന് ഉത്തരവില്‍ ഡിജിപി വ്യക്തമാക്കുന്നു. 

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് അദ്ദേഹം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിക്കപ്പെട്ടത്. സുരേന്ദ്രനെ പകരം പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡിഐജി കെ.സേതുരാമനെ ഐപിഎസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. 

തിരുവനന്തപുരം റേഞ്ച് ഐജിയുടെ താത്കാലിക ചുമതല ഇന്‍റലിജന്‍സ് ഐജി അശോക് യാദവിനെ ഏല്‍പിച്ചു. തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്ത് കുമാറിനെ കേരള പൊലീസ് അക്കാദമിയിലേക്ക് മാറ്റി നിയമിച്ചു. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ തൃശ്ശൂര്‍ റേഞ്ചിന്‍റെ അധിക ചുമതല വഹിക്കും.