വിദേശികളുടെ റെസിഡന്‍സി ഫീസും ഗതാഗത പിഴയും ഈ വര്‍ഷം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ടുള്ളത്. നിലവിലെ പാര്‍ലമെന്റിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെ ഈ രണ്ടു നിര്‍ദേശങ്ങളും അവതരിപ്പിച്ച് അനുമതി വാങ്ങാനായിരുന്നു മുന്‍ തീരുമാനം.എന്നാല്‍, നിര്‍ദേശങ്ങള്‍ ഓരോന്നായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു പകരം രണ്ടു നിര്‍ദേശങ്ങളും ഒരുമിച്ച് പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായി മാറ്റിവയ്ക്കാന്‍ , ഫത്‌വ-നിയമകാര്യ വകുപ്പിനു നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. 

നിലവില്‍, നിയമകാര്യ കമ്മിറ്റിയുടെ വിശദമായ പരിശോധനയ്ക്കുശേഷം റെസിഡന്‍സി ഫീസ് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗതാഗത നിയമ ലംഘകര്‍ക്കുള്ള പിഴശിക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ഇപ്പോഴും കമ്മിറ്റിയുടെ പരിഗണനയിലാണ്.ഈ സാഹചര്യത്തിലാണ് രണ്ടും കൂടെ ഒന്നിച്ച് അടുത്ത വര്‍ഷം വരുന്ന പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ മതിയെന്ന തീരുമാനം.