ഭൂരഹിതർക്ക് സർക്കാർ കൊടുത്ത ഭൂമിയിൽ മക്കിമലയിലെ പട്ടയഭൂമിയിൽ റിസോർട്ട് നിർമാണവും ഭൂമിപതിവ് ചട്ടവും ലംഘിച്ചു

കല്‍പ്പറ്റ: മക്കിമലയിലെ പട്ടയ ഭൂമിയിൽ ചട്ടം ലംഘിച്ച് റിസോര്‍ട്ട് നിര്‍മാണവും നടക്കുന്നു. പട്ടയഭൂമി കൃഷിയ്ക്കും വീട് വയ്ക്കാനും മാത്രമേ ഉപയോഗിക്കാവൂയെന്ന ഭൂമി പതിവ് ചട്ടത്തിലെ വ്യവസ്ഥ ലംഘിച്ചാണ് നിര്‍മാണം. 

തവിഞ്ഞാൽ വില്ലേജിലെ 68,90 സര്‍വേ നമ്പരുകളിലെ ഭൂമി വിതരണം 1964 ലെ ഭൂമി പതിവ് ചട്ട പ്രകാരമായിരുന്നു. പട്ടയം കിട്ടിയവരിൽ നിന്ന് ഭൂ -റവന്യൂ മാഫിയകള്‍ ചേര്‍ന്ന് ഭൂമി തട്ടിയെടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കൊടുത്ത ഭൂമി വന്‍കിടക്കാരുടെ കയ്യിലെത്തി. ഇപ്പോഴത്തെ ഭൂ ഉടമകളും ഉദ്യോഗസ്ഥരും ചേര്‍ന്നു നിയമവും ചട്ടങ്ങളും കാറ്റിൽ പറത്തുന്ന കാഴ്ചയാണ് വയനാട്ടില്‍ കാണുന്നത്. 

കൃഷിക്കും വീടും വയ്ക്കാനും മാത്രമേ പട്ടയ ഭൂമി ഉപയോഗിക്കാവൂയെന്ന വ്യവസ്ഥ കൃത്യമായി മക്കിമലയിലെ ഭൂ ഉടമകള്‍ പാലിക്കുന്നുമില്ല. ബോര്‍ഡില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് ഇത്തരം ഭൂമിയില്‍ കണ്ടെത്തി. അടുത്ത റിസോര്‍ട്ട് മുനിശ്വരൻ കുന്നിലാണ് സമീപത്ത് രണ്ടു റിസോര്‍ട്ടുകള്‍ കൂടി കെട്ടിപ്പൊക്കുന്നു. 

മലയുടെ ഏറ്റവും മുകളിൽ അമ്പത് ഏക്കറോളം ഭൂമി വളച്ചു കെട്ടിയിരിക്കുന്നു. കെ കെ ബില്‍ഡേഴ്സിന്‍റെ കയ്യേറ്റമാണ് പരാതിപെട്ടു കാര്യമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടുതൽ വിവരങ്ങളറിയാൻ തവിഞ്ഞാൽ വില്ലേജിലെത്തി. ഭൂമി മുന്നു കമ്പനികളുടെ പേരില്‍. മക്കിമല പാരഡൈസ് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, തിരുനെല്ലി ലിഷേഴ്സ് ആന്‍റ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്, മക്കിമല ലിഷേഴ്സ് ആന്‍റ് ടൂറിസം ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്. മൂന്നിന്‍റെയും മേല്‍വിലാസം ഒന്നാണെന്നതാണ് വസ്തുത. 

ചട്ടലംഘനമാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഭൂ ഉടമകളെ മക്കിമലയിൽ നിന്ന് ആട്ടിയോടിച്ച് ഭൂമി കൈവശപ്പെടുത്തിയവര്‍ക്കൊപ്പം നില്‍ക്കുന്ന റവന്യു ഉദ്യോഗസ്ഥര്‍ അനങ്ങിയാലേയുള്ളൂ അത്ഭുതം