വധശിക്ഷ നീട്ടിവെച്ചെന്ന വാർത്ത അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആശ്വാസമുണ്ടെന്നും ടോമി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ പ്രതികരണവുമായി കുടുംബം. ആശ്വാസ വാർത്തയെന്ന് നിമിഷയുടെ ഭർത്താവ് ടോമി പ്രതികരിച്ചു. വാർത്ത അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആശ്വാസമുണ്ടെന്നും ടോമി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
‘ഇനിയും നിരവധി കാര്യങ്ങൾ നടക്കാനുണ്ട്. തലാലിന്റെ വീട്ടുകാരുമായി സംസാരിച്ചതിന് ശേഷം സംഭവത്തിന് പൂർണത വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇടപെട്ട എല്ലാവരും വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പിന്തുണ നൽകി. നൂറ് ശതമാനം ആശ്വാസമാണ്. നിമിഷപ്രിയ എന്ന എന്റെ ഭാര്യയെ നാട്ടിലെത്തിച്ചു തരും എന്നതിൽ പൂർണ്ണ വിശ്വാസമുണ്ട്. ചില കാര്യങ്ങളൊന്നും മറ്റുള്ളവർക്ക് അറിയില്ല. നിമിഷപ്രിയയെ രക്ഷിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഏതറ്റം വരെയും എല്ലാവരും പോകുന്നുണ്ട്. ഞങ്ങളിനി കാണാത്ത ആളുകളില്ല. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. സാമുവൽ സാർ എല്ലാക്കാര്യങ്ങളും ചെയ്യുന്നുണ്ട്.’ ടോമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിമിഷ പ്രിയയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് നീട്ടിവെച്ച സംഭവം കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർ നിരന്തരം നടത്തിയ നീക്കങ്ങൾക്ക് ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ ഇറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. ജയിൽ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്ന് കേന്ദ്രം പറയുന്നു. എന്നാൽ കുടുംബം വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്നാണ് വിവരം. കേസ് അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ യെമൻ അധികൃതർ കേസ് മാറ്റിവയ്ക്കാൻ മാത്രമാണ് സമ്മതിച്ചിരിക്കുന്നതെന്നും അറിയിച്ചു.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോം ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്.



