പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമെന്ന് കണ്ണന്താനം, നിര്‍ദേശം തള്ളി രാജകുടുംബം

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം പ്രദർശിപ്പിക്കാൻ 300 കോടി രൂപ ചെലവില്‍ മ്യൂസിയം സ്ഥാപിക്കാമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോൻസ് കണ്ണന്താനം എത്തിയതിന് പിന്നാലെ നിര്‍ദേശം രാജകുടുംബം തളളി. നിലവറയിലെ ആഭരണങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് വിശ്വാസത്തിന് വിരുദ്ധമാണെന്ന് രാജകുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറു നിലവറകളിലായി സൂക്ഷിച്ചിട്ടുളള അമൂല്യ നിധിശേഖരം ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച നിര്‍ദേശവുമായാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇക്കഴിഞ്ഞ ഞായറാഴ്ച കവടിയാര്‍ കൊട്ടാരത്തിലെത്തിയത്. 

ക്ഷേത്രത്തിന് സമീപം 300 കോടി രൂപ ചെലവില്‍ മ്യൂസിയം സ്ഥാപിക്കാന്‍ കേന്ദ്രം സന്നദ്ധമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയോടും കണ്ണന്താനം വിശദീകരിച്ചു. എന്നാല്‍ നിലവറയിലെ ആഭരണങ്ങള്‍ ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്തേക്കു പോകുന്നതിനോട് യോജിപ്പില്ലെന്ന് രാജ കുടുംബം വ്യക്തമാക്കി.

നിധി ശേഖരം ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്ന ഘട്ടത്തിലാണ് മ്യൂസിയം എന്ന കണ്ണന്താനത്തിന്‍റെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരും രാജകുടുംബവും അനുമതി നല്‍കിയാല്‍ പദ്ധതി ഉടനാരംഭിക്കാമെന്ന് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, നിധിശേഖരം ക്ഷേത്രത്തിനുളളില്‍ തന്നെ ദര്‍ശനത്തിനായി വയ്ക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തോട് വിയോജിപ്പില്ലെന്നും രാജകുടുംബം വ്യക്തമാക്കി.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം സംബന്ധിച്ച കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ കോടതി അനുമതിയോടെ മാത്രമെ ഇക്കാര്യത്തില്‍ ഏത് തുടര്‍ നടപടികളും സാധ്യമാകൂ.