ദില്ലി: ഭര്‍ത്താവിന്റെയും മകന്റെയും കണ്‍മുന്നില്‍ യുവതിയെ വെടിവച്ചു കൊന്നു- ഈ വാര്‍ത്തയെത്തി ദിവസങ്ങള്‍ അധികം കഴിഞ്ഞില്ല കൊലപാതകത്തിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്തുവന്നു. 

ദില്ലിയില്‍ കഴിഞ്ഞ ദിവസം കാറിനുള്ളില്‍ പ്രിയ മെഹ്‌റയെന്ന യുവതി വെടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരന്‍ താനാണെന്ന് തുറന്നുപറഞ്ഞ് ഭര്‍ത്താവ് രംഗത്തെത്തി. ആദ്യം പലിശക്കാരാണ് കൊല നടത്തിയതെന്നായിരുന്നു ഭര്‍ത്താവ് പങ്കജ് മൊഴി നല്‍കിയത്. 

കാമുകിയ്ക്കുവേണ്ടിയാണ് ഭാര്യ പ്രിയയെ കൊലപ്പെടുത്തിയതെന്ന് പങ്കജ് മെഹ്‌റ തുറന്നു പറഞ്ഞു. ഉറക്കത്തിനിടെ. ഡല്‍ഹിയിലെ രോഹിണി ജയിലിന് സമീപം കാര്‍ നിര്‍ത്തി ഗണ്‍ പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവിക്കുന്നത് എന്താണെന്ന് അറിയാതെ പ്രിയ മരണത്തിന് കീഴടങ്ങിയതായി പങ്കജ് പറഞ്ഞു. 

പ്രിയയെ വെടിവച്ച് കൊന്നതിന് ശേഷം കാര്‍ ആശുപത്രിയിലേക്ക് ഓടിച്ചുപോയി. വഴിയില്‍ തോക്ക് ഉപേക്ഷിച്ചു. മുകര്‍ബ ചൗക്കിന് സമീപത്താണ് തോക്ക് എറിഞ്ഞതെന്നും പങ്കജ് മൊഴിനല്‍കി. അതേസമയം ഉപേക്ഷിക്കപ്പെട്ട തോക്ക് കണ്ടെടുക്കാന്‍ പോലീസിനായിട്ടില്ല. 

പങ്കജിന് ബന്ധമുണ്ടെന്ന് കരുതുന്ന യുവതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഒരു കുട്ടിയുടെ അമ്മയായ സ്ത്രീക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ യുവതിയുമായി ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ച പങ്കജ് ഇവരെ വിവാഹം ചെയ്തിട്ടില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്.