പരീക്കറിന്‍റെ ആരോഗ്യത്തേക്കാള്‍ ബിജെപിക്ക് ഒരു സംസ്ഥാനം നഷ്ടമാകുമെന്നുള്ള ആവലാതിയാണ്. മുഖ്യമന്ത്രിയും മന്ത്രിസഭയും പാര്‍ട്ടിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്

മുംബെെ: ദില്ലി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ പരീക്കറിന് പകരം ഗോവയില്‍ മറ്റൊരാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ടെന്ന് തീരമാനിച്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ക്രൂരവും മനുഷ്യത്വരഹിതവുമായ രാഷ്ട്രീയമെന്നാണ് വിഷയത്തില്‍ ശിവസേനയുടെ പ്രതികരണം.

പരീക്കറിന്‍റെ അഭാവത്തില്‍ ഗോവയില്‍ ഭരണമില്ലാത്ത അവസ്ഥയാണെന്നും ശിവസേന, മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയിലൂടെ ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരീക്കറിന് പകരം ആളെ കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ബിജെപി.

സംസ്ഥാനത്തെ ഭരണം നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ബിജെപി. പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തി ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത് ഗോവയിലെ ജനങ്ങളോടും അദ്ദേഹത്തോടുമുള്ള നീതികേടാണ്. അദ്ദേഹത്തെ സ്ഥാനം അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യത്വരഹിതമാണ്.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് വരെ പരീക്കറിന്‍റെ പേരില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന പാര്‍ട്ടി ആരോപിച്ചു. ഇപ്പോഴത്തെ ആരോഗ്യ സാഹചര്യത്തില്‍ സമര്‍ദങ്ങള്‍ അദ്ദേഹത്തിന് താങ്ങാനാകില്ല.

ഇത് ബിജെപി നേതൃത്വത്തിന് ആരാണ് മനസിലാക്കി കൊടുക്കാനുള്ളത്. പരീക്കറിന്‍റെ ആരോഗ്യത്തേക്കാള്‍ ബിജെപിക്ക് ഒരു സംസ്ഥാനം നഷ്ടമാകുമെന്നുള്ള ആവലാതിയാണ്. മുഖ്യമന്ത്രിയും മന്ത്രിസഭയും പാര്‍ട്ടിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്, സംസ്ഥാനത്തിന് വേണ്ടിയാണെന്നും എഡിറ്റോറിയലില്‍ ശിവസേന പറയുന്നു.

ഞായറാഴ്ചയാണ് മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയത്. തുടര്‍ന്ന് തിങ്കളാഴ്ച മന്ത്രിസഭയില്‍ അഴിച്ച് പണിയും നടത്തി. ചികിത്സയില്‍ ഏറെ നാളായി കഴിയുന്ന് രണ്ട് പേരെ മാറ്റി പുതിയ രണ്ട് മന്ത്രിമാര്‍ ചുമതലയേല്‍ക്കുകയായിരുന്നു.